ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ.കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിന്‍വലിച്ചതായി യോഗി സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. കഫീല്‍ ഖാനെ നാല് വര്‍ഷമായി സസ്പെന്‍ഡ് ചെയ്തത് എങ്ങനെ ന്യായീകരിക്കുമെന്ന് ജൂലൈ 29ന് അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പിന്നാലെയാണ് തീരുമാനം.
പുനരന്വേഷണം പിന്‍വലിച്ചതിനു പുറമെ, സസ്പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 11 മാസത്തിന് ശേഷമാണ് അച്ചടക്കസമിതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്.
2020 ഫെബ്രുവരി 24ന് പുനരന്വേഷണം തുടങ്ങുകയും ചെയ്തു. 2017ലാണ് ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുഞ്ഞുങ്ങള്‍ ദാരുണമായി മരിച്ചത്. കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാനായി സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത് ഓക്സിജന്‍ എത്തിച്ച കഫീല്‍ ഖാന് മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ.കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്യുകയും 9 മാസം ജയിലില്‍ അടക്കുകയും ചെയ്തത്.
Discussion about this post