ന്യൂഡൽഹി: കോവാക്സിൻ-കോവിഷീൽഡ് വാക്സിനുകളുടെ മിശ്രിതം മികച്ച പ്രതിരോധം നൽകുന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഉത്തർപ്രദേശിൽ അബദ്ധത്തിൽ രണ്ടുവാക്സിനുകൾ ലഭിച്ച 18 വ്യക്തികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എങ്കിലും ഔദ്യോഗിക നിർദേശം വരുന്നത് വരെ സ്വയം രണ്ടുവാക്സിനുകളുടെ ഡോസുകൾ സ്വീകരിക്കരുതെന്നും നിർദേശമുണ്ട്. കഴിഞ്ഞ മാസമാണ് ഡിസിജിഐ വിദഗ്ധ പാനൽ വാക്സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ ചെയ്യുന്നത്.
ഒരേ വാക്സിന്റെ തന്നെ രണ്ടുഡോസുകൾ നൽകുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടർന്നിരുന്നത്. എന്നാൽ വാക്സിൻ യജ്ഞത്തിനിടെ ഉത്തർപ്രദേശിൽ 18 പേർക്ക് അബദ്ധത്തിൽ രണ്ടു വാക്സിനുകളുടെയും ഡോസുകൾ നൽകി. അതായത് ആദ്യ ഡോസ് കോവിഷീൽഡ് കുത്തിവെച്ചവർക്ക് രണ്ടാമത്തെ തവണ കോവാക്സിനാണ് നൽകിയത്. ഇതേത്തുടർന്നാണ് പഠനം നടത്തിയത്
ഇതോടെ അഡിനോവൈറസ് വെക്ടർ വാക്സിന്റെയും ഹോൾ വിറിയൺ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്സിന്റെയും സംയുക്തം നൽകുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുമെന്ന നിഗമനത്തിലാണ് ഐസിഎംആർ.
.
ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരേ രണ്ടു വ്യത്യസ്ത വാക്സിനുകളുടെ ഡോസുകൾ ലഭിച്ചവർക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് കോവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Discussion about this post