ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ ആദ്യം മുതലേ ഇന്ത്യയുടെ പ്രധാന പരിഗണന പാവപ്പെട്ടവര്‍ക്കായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വീഡിയോ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ മാനവരാശി നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കോവിഡ്. കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ ഇന്ത്യ പാവപ്പെട്ടവര്‍ക്കാണ് ആദ്യം മുന്‍ഗണന നല്‍കിയത്. പ്രധാനമന്ത്രി കല്യാണ്‍ അന്ന യോദന, പ്രധാനമന്ത്രി റോസ്ഗര്‍ യോജന തുടങ്ങി ഏതുമാകട്ടെ പാവപ്പെട്ടവരുടെ തൊഴിലിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആദ്യ ദിവസം തന്നെ സര്‍ക്കാര്‍ ചിന്തിച്ചിരുന്നു. മഹാമാരി സമയത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ ലഭിച്ചു.”- മോഡി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍ സംരംഭത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സവകാലത്ത് ഇന്ത്യക്കാര്‍ കരകൗശല വസ്തുക്കള്‍ വാങ്ങണമെന്നും പറഞ്ഞു. ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും മാസ്‌ക് ധരിക്കുന്നതും കൈകള്‍ ഇടയ്ക്കിടെ കഴുകുന്നതും തുടരുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.