ന്യഡല്‍ഹി : ഇന്ത്യ-ചൈന സംഘര്‍ഷം നിലനിന്നിരുന്ന ലഡാക്കിലെ ഗോഗ്ര മേഖലയില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സേനകള്‍ പിന്മാറി. ഇവിടെ യഥാര്‍ഥ നിയന്ത്രണരേഖ (എല്‍ഒസി) പുനസ്ഥാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കി.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പരിഹാരം തേടി ഇരുരാജ്യങ്ങളുടെയും സേനാ കമാന്‍ഡര്‍മാര്‍ നടത്തിയ പന്ത്രണ്ടാംവട്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിന്മാറ്റം. പ്രദേശത്തെ താല്ക്കാലിക നിര്‍മാണങ്ങളും പൊളിച്ചുനീക്കിയതായാണ് വിവരം.ഡെപ്‌സങ്,ഗോഗ്ര,ഹോട്ട് സ്പ്രിങ്‌സ് എന്നിവിടങ്ങളിലാണ് ഇരു സേനകളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരുന്നത്. ഇതില്‍ ഗോഗ്ര മേഖലയില്‍നിന്ന് മാത്രമാണ് സേനാ പിന്മാറ്റം. ഓഗസ്റ്റ് 4.5 തീയതികളിലായായിരുന്നു നടപടി.
ഹോട്ട് സ്പ്രിങ്ങില്‍ നിന്നും ചൈനീസ് സേന പൂര്‍ണമായി പിന്മാറണമെന്ന് കൂടിക്കാഴ്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഡെപ്‌സങ്ങിലെ സേനാ പിന്മാറ്റം ചര്‍ച്ചയായിരുന്നില്ല. ജൂലൈ 31ന് അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലേ ആസ്ഥാനമായുള്ള 14ാം കോര്‍ മേധാവിയും മലയാളിയുമായ ലഫ്.ജനറല്‍ പിജികെ മേനോനാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്.