ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് റഷ്യ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 11ന് ഖത്തറില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ യുഎസ്,ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുന്നതിനിടെ സമാധാനശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാണ് റഷ്യയുടെ നീക്കം. നേരത്തേ മാര്‍ച്ച് 18, ഏപ്രില്‍ 30 എന്നീ ദിവസങ്ങളിലും സമാനരീതിയില്‍ യോഗം നടന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ സ്വാധീനിക്കാന്‍ കഴിയുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌ലോവ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതോടെ യോഗത്തിലേക്ക് ഇന്ത്യക്ക് ക്ഷണമുണ്ടാകുമെന്നും അഭ്യൂഹമുയര്‍ന്നിരുന്നു.
വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്ഗാന്‍ വിഷയത്തില്‍ പല കാര്യങ്ങളിലും യുഎസും റഷ്യയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രാജ്യത്തെ താലിബാന്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ ഒരുമിച്ച് നില്‍ക്കാനാണ് തീരുമാനം. അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യുഎന്‍ രക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ച ചേരുന്നുണ്ടെന്ന് ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍ ഫരീദ് മമുന്ദ്‌സെ പറഞ്ഞു.
യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഓഗസ്റ്റില്‍ ഇന്ത്യയാണ് വഹിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യക്ക് ഈ മാസത്തെ അധ്യക്ഷ പദവി ബഹുമതിയാണ്. ഇന്ത്യയുടെ അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തിയാവും യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുക.