മുംബൈ: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരേ കേസ്. യുപിഎസ്സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് മുംബൈ പോലിസ് കേസെടുത്തിരിക്കുന്നത്.
ക്രിമിയോഫോബിയ എന്ന കമ്പനിയാണ് പരാതി നല്‍കിയത്. ജൂലൈ 30 നാണ് ആരെ കോളനി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന 120 (ബി), വിവരസാങ്കേതിക നിയമത്തിലെ 69 (എ) എന്നീ വകുപ്പുകളാണ് ബൈജു രവീന്ദ്രനെതിരെ ചേര്‍ത്തിരിക്കുന്നത്.
യുണൈറ്റഡ് നേഷന്‍സ് ട്രാന്‍സ്നേഷനല്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ (യുഎന്‍ടിഒസി) നോഡല്‍ ഏജന്‍സിയാണ് ഇന്ത്യയിലെ സിബിഐ എന്ന് ബൈജൂസ് തങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇത് ശരിയല്ലെന്നാണ് പരാതിക്കാരന് പറയുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ പാഠ്യപദ്ധതി കണ്ട് തെറ്റായ വിവരങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബൈജൂസിനെ സമീപിച്ചിരുന്നതായി ക്രിമിയോഫോബിയ സ്ഥാപകന്‍ സ്നേഹില്‍ ധാള്‍ പറയുന്നു.
എന്നാല്‍, സിബിഐ നോഡല്‍ ഏജന്‍സിയാണെന്ന് കാണിച്ച് ബൈജൂസ് ചില രേഖകള്‍ അയച്ചുനല്‍കി. അതിലെ തീയതി 2012 ആയിരുന്നു. തങ്ങള്‍ യുഎന്‍ടിഒസിയെ സമീപിച്ചെങ്കിലും സിബിഐ നോഡല്‍ ഏജന്‍സിയല്ലെന്നാണ് അവര്‍ രേഖാമൂലം വ്യക്തമാക്കിയത്.
2016ല്‍ സിബിഐ തന്നെ തങ്ങള്‍ യുഎന്‍ടിഒസിയുടെ നോഡല്‍ ഏജന്‍സി അല്ലെന്ന് വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തെറ്റായ വിവരങ്ങള്‍ ഉദ്യോഗാര്‍ഥിക്ക് നല്കുന്നതില് ബൈജൂസിനെതിരേ ക്രിമിയോഫോബിയ പരാതി നല്‍കിയത്.
എഫ്ഐആര്‍ പരിശോധിച്ച ശേഷം നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബൈജൂസിന്റെ വക്താവ് വ്യക്തമാക്കി. ”യുപിഎസ്സി പരീക്ഷയുമായി ബന്ധപ്പെട്ട പഠനസഹായിയില്‍ യുഎന്‍ടിഒസിയുമായി ബന്ധപ്പെട്ട ഭാഗത്ത് തെറ്റുണ്ടെന്ന് കാട്ടി ക്രിമിയോഫോബിയ നല്കിയ കത്ത് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ 2012 ഏപ്രില്‍ 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രേഖകള്‍ പ്രകാരം പഠനഭാഗത്ത് നല്‍കിയിരിക്കുന്നത് ശരിയാണ്. ഇതിന്റെ ഒരു പകര്‍പ്പും കത്തിന് മറുപടിയായി അയച്ചു നല്കി.”- വക്താവ് പറഞ്ഞു.
Discussion about this post