ചെന്നൈ: പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ഇനി മുതല്‍ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനീഷ്യല്‍ മാത്രമേയുണ്ടാകുകയുള്ളൂ.
സംസ്ഥാനത്ത് ജാതിപേരില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ചെറുപ്പം മുതല്‍ കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്.
പ്രസിദ്ധീകരണ വകുപ്പിന് ഇത് നടപ്പിലാക്കാനുള്ള നിര്‍ദേശം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നല്‍കി കഴിഞ്ഞു. കുട്ടികള്‍ക്ക് മാതൃകയെന്ന നിലയില്‍ അവതരിപ്പിച്ചുകൊടുക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അത് മാതൃകയാക്കുമെന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം.
തമിഴ്നാട്ടില്‍ മുന്‍പ് മുഖ്യമന്ത്രിമാരായിരുന്ന എംജിആര്‍, കരുണാനിധി എന്നിവര്‍ സമാനമായ തീരുമാനമെടുത്തിരുന്നു. തമിഴ്നാട്ടില്‍ തെരുവുകള്‍ക്ക് പോലും പ്രമുഖ വ്യക്തികളുടെ പേര് നല്‍കുന്ന പതിവുണ്ടായിരുന്നു. തെരുവുകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എംജിആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്പോള്‍ സമാനമായ രീതി സ്വീകരിക്കണമെന്ന് 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു.