കോയമ്പത്തൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വരന്മാര്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകള്‍ പ്രിയങ്ക(20) എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീന്‍, സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.
ആടിപെരുക്ക് ദിനത്തില്‍ മെട്ടി(മിഞ്ചി അഥവാ കാല്‍വിരലില്‍ ധരിക്കുന്ന ധരിക്കുന്ന ആഭരണം) വാങ്ങി നല്‍കാനായി മേട്ടുപ്പാളയത്തേക്ക് വരാന്‍ അജിത്ത് പ്രിയങ്കയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം ബന്ധുവായ ചെവ്വന്തിയേയും പ്രിയങ്കയ്ക്കൊപ്പം വീട്ടുകാര്‍ അയച്ചു. പ്രിയങ്കയ്ക്ക് മിഞ്ചിയും സമ്മാനങ്ങളും വാങ്ങി നല്കിയ ശേഷം വീട്ടിലേക്ക് ബൈക്കില്‍ തന്നെ കൊണ്ടുവിടാമെന്ന് അജിത്ത് അറിയിച്ചു. തുടര്‍ന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തോടൊപ്പം ബൈക്കില്‍ കയറി.
പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപത്തുവെച്ച് എതിരെ വന്ന ബൈക്കുമായി അജിത്തിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പക്ഷാഘാതം പിടിപെട്ട പ്രിയങ്കയുടെ പിതാവ് കറുപ്പസ്വാമി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് മകളുടെ അപ്രതീക്ഷിത വിയോഗം. ഇദ്ദേഹത്തിന്റെ നാലു പെണ്മക്കളില് മൂന്നാമത്തെ ആളാണ് പ്രിയങ്ക. രണ്ടാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. അസുഖബാധിതനായതിനാല്‍ മകള്‍ മരിച്ച വിവരം കറുപ്പ് സ്വാമിയെ ബന്ധുക്കള്‍ അറിയിച്ചിട്ടില്ല. വിയോഗം അറിയാതെ മകളുടെ മിന്നുകെട്ട് കാണുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഈ അച്ഛന്.
Discussion about this post