ന്യൂഡല്‍ഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് പുറമെ രണ്ട് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുജിസിയുടെ നടപടി. വ്യാജ സര്‍വകലാശാലകള്‍ ഏറ്റവും കൂടുതലുള്ളത് ഉത്തര്‍പ്രദേശിലാണ്. എട്ട് സര്‍വകലാശാലകളാണ് ഇത്തരത്തില്‍ യുപിയിലുള്ളത്. യുപിയിലെ ഭാരതീയ ശിക്ഷ പരിഷത്, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്.
ഈ രണ്ട് സര്‍വകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി അറിയിച്ചു. ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും, പശ്ചിമബംഗാളിലും രണ്ട് വീതവും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് വ്യാജമെന്ന് കണ്ടെത്തിയത്. കേരളത്തില്‍ സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് വ്യാജനെന്ന് യുജിസി കണ്ടെത്തിയത്.
യുജിസി ആക്ട് 1956 ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സര്‍വകലാശാലകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് ഇത്തരം വ്യാജ സര്‍വകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യുജിസി നോട്ടീസ് പുറപ്പെടുവിക്കുമെന്നും, നോട്ടീസ് എല്ലാ ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും മന്ത്രി മറുപടി നല്‍കി.