ഇ റുപ്പി: പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം അവതരിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഇ റുപ്പി (e-R-UPI) പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി ഇ റുപി അവതരിപ്പിച്ചത്.

ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇ റുപ്പി സംവിധാനം അവതരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും ഇ റുപ്പി ലക്ഷ്യമിടുന്നു. ഡിപ്പാര്‍ട്മെന്റ് ഒഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്.

കറന്‍സിരഹിതവും (cashless) സമ്പര്‍ക്കരഹിതവുമായ(contactless) ഈ ഡിജിറ്റല്‍ പണമിടപാട് സംവിധാനം ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക. ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആര്‍ കോഡോ, എസ്എംഎസ് സ്ട്രിങ്ങിനെയോ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുക.

ഇ റുപ്പിയിലൂടെ കാര്‍ഡോ, ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളോ, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യത്തിന്റെ സഹായമോ കൂടാതെ ഉപഭോക്താക്കള്‍ക്ക് വൗച്ചറുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് പ്രധാന പ്രത്യേകത. അതായത് മുന്‍കൂറായി പണം അടച്ച സമ്മാന വൗച്ചറുകള്‍(പ്രീപെയ്ഡ് ഗിഫ്റ്റ് വൗച്ചര്‍) പോലെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഇത് സ്വീകരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലെത്തി മാറ്റിയെടുക്കാം.

സ്വകാര്യ പൊതുമേഖലാ ബാങ്കുകളായിരിക്കും ഇ റുപ്പി വിതരണം ചെയ്യുക. കോര്‍പറേറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ സേവനങ്ങളുടെയും, വിതരണം ചെയ്യേണ്ട വ്യക്തികളുടെയും വിവരങ്ങളുമായി ബാങ്കുകളെ സമീപിക്കാം. തുടര്‍ന്ന് മൊബൈല്‍ നമ്പരിന്റെ സഹായത്തോടെ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ കഴിയും. ശേഷം ഈ ഉപഭോക്താവിന്റെ പേരില്‍ ബാങ്ക് നീക്കിവച്ചിരിക്കുന്ന വൗച്ചര്‍ സേവനദാതാക്കള്‍ക്ക് നല്‍കും.

മാതൃശിശു ക്ഷേമ സേവനങ്ങള്‍, ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന, വളം സബ്സിഡി വിതരണം തുടങ്ങിയവയ്ക്കൊക്കെ ഇ റുപ്പി ഉപയോഗിക്കാം. ക്ഷേമ പ്രവര്‍ത്തന സേവനങ്ങള്‍ കൃതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഈ സംവിധാനത്തിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Exit mobile version