ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ അടിയന്തര അനുമതിക്കുള്ള അപേക്ഷ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിച്ചു.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ ബ്രിഡജിംഗ് ക്ലിനിക്ക് പഠനം നടത്താന്‍ അനുമതി തേടിയിരുന്നു. ഇതിനിടെയാണ് അംഗീകാരത്തിനായുള്ള നിര്‍ദേശം കമ്പനി പിന്‍വലിക്കുന്നത്.
എന്നാല്‍ എന്തുകൊണ്ടാണ് കമ്പനി വാക്സിന്‍ അംഗീകാരത്തിനായി നല്‍കിയ അപേക്ഷ പിന്‍വലിച്ചതെന്ന് ഇതുവരെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല.
തങ്ങളുടെ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പഠനത്തിന് ഇന്ത്യയുടെ അനുമതി തേടിയിരുന്നതായി ഏപ്രിലില്‍ യുഎസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചിരുന്നു. ജോണ്‍സണ്‍ വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യുഎസില്‍ ആ സമയത്ത് പരീക്ഷണം നിര്‍ത്തി വെച്ചിരുന്നു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ നിര്‍മാതാക്കളുടെ പിന്മാറ്റമെന്നും സൂചനകളുണ്ട്. വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായി കഴിഞ്ഞ ആഴ്ച ഒരു സംഘത്തെ നിയോഗിച്ചിരുന്നതായി ആരോഗ്യ സഹമന്ത്രി ഡോ.ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.
ജൂണില്‍ മൊഡേണ വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
അതേസമയം ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം തീവ്രമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. മതുക്കുമല്ലി വിദ്യാസാഗര്‍, മനീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.