ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വാനോളം ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇമേജ് ഇതുവരെ മോഡി തരംഗം എന്ന വജ്രായുധമായി ബിജെപിയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു. എന്നാല്‍ ഇടക്കാലത്ത് ആ തന്ത്രം ബിജെപിക്ക് നഷ്ടപ്പെട്ടെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ രാഹുല്‍ ഗാന്ധിയെ കാത്തിരുന്നത് ട്രിപ്പിള്‍ വിജയമധുരമായിരുന്നു. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതോടെ രാഹുലിന് ദേശീയതലത്തില്‍ ജനപ്രിയ നേതാവെന്ന വന്‍സ്വീകാര്യതയാണ് ലഭിച്ചത്. മൂന്നിടത്തും തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ നിന്ന് നയിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു.
ഇതിനു പിന്നാലെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാകുമെന്ന് പ്രസ്താവിച്ചതും വലിയ ചര്‍ച്ചയായിരുന്നു. പല പാര്‍ട്ടി നേതാക്കളും ഈ പ്രസ്താവനയെ തള്ളുകയും ചെയ്തു. പ്രധാനമന്ത്രിയിലേക്ക് രാഹുലിന് ഇനിയുമേറെ ദൂരമുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ ജനകീയത ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്ക്കുന്ന ഈ കാലത്ത് വലിയ ചര്‍ച്ചയാകുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി എത്രമാത്രം ജനകീയനാണെന്ന് സീ വോട്ടര്‍, ലോക്നീതി സിഎസ്ഡിഎസ് തുടങ്ങിയവരുടെ സര്‍വേ റിപ്പോര്‍ട്ടുകളില്‍ രാഹുലിന്റെ ജനപ്രീതി മോഡിയോടടുത്തതായി പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജനപ്രീതിയുടെ കാര്യത്തില്‍ ഇരുവര്‍ക്കും ഇടയിലെ അന്തരം കുറഞ്ഞുവരുന്നതായി എല്ലാ സര്‍വേകളും സൂചിപ്പിക്കുന്നു. 2017 മുതലാണ് രാഹുലിന്റെ ജനപ്രീതിയില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ വലിയ തോല്‍വി കോണ്‍ഗ്രസിനെയും രാഹുലിനെയും വല്ലാതെ ഉലച്ചു. പിന്നീട് ആശ്വാസമായി പഞ്ചാബിലെ ജയമെത്തി. 2014ന് ശേഷമുള്ള വലിയ ജയമായിരുന്നെങ്കിലും ക്രെഡിറ്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനായിരുന്നു. എന്നാല്‍, അതേ വര്‍ഷം ജൂലൈയില്‍ ബിഹാറിലും കോണ്‍ഗ്രസിന് അടിതെറ്റി. രാഹുലിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു.
എന്നാല്‍ കേന്ദ്ര ഭരണത്തിനെതിരായ ജനവികാരം ഉയര്‍ന്നുവന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിന് അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ നേട്ടത്തോടൊപ്പം രാഹുലും വളര്‍ന്നു. ജനപ്രീതിയില്‍ മോഡിയും രാഹുലും തമ്മിലുള്ള അന്തരവും കുറഞ്ഞു. സിഎസ്ഡിഎസ് സര്‍വേ പ്രകാരം 34 ശതമാനം പേര് മോഡി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 24 ശതമാനം പേര് രാഹുലിന്റെ പേരുപറഞ്ഞു. ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും രാഹുല്‍ തന്നെയാണ് ജനപ്രിയന്.
ദക്ഷിണേന്ത്യയില്‍ പലയിടത്തും മോഡിയെക്കാള്‍ ജനകീയന്‍ രാഹുലാണെന്നും സീ വോട്ടര്‍, ലോക്നീതി സിഎസ്ഡിഎസ് സര്‍വെയില്‍ പറയുന്നു. ടിവി 5 ന്യൂസ് നടത്തിയ സര്‍വെയില്‍ 41.3 ശതമാനം ആളുകള്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എതിര്‍ത്തത് 35 ശതമാനം പേരാണ്.
Discussion about this post