മധ്യപ്രദേശില്‍ കനത്ത മഴ: വീടുകള്‍ നിലംപൊത്തി, രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിന് നഷ്ടമായത് നാലു ജീവനുകള്‍!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദുരിതപെയ്ത്തില്‍ വലഞ്ഞ് ജനം. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയില്‍ വീടു തകര്‍ന്ന് നാലു പേര്‍ മരിച്ചു. രേവാ ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ഇതില്‍ രണ്ടു പേര്‍ 10 വയസ് താഴെയുള്ള കുട്ടികളാണ്. കുട്ടികളുടെ പിതാവും അവരുടെ മുത്തശ്ശിയുമാണ് മരിച്ച മറ്റു രണ്ടുപേര്‍. 35 വയസ്സുള്ള മനോജ് പാണ്ഡെ, അയാളുടെ 60 വയസുള്ള മാതാവ്, പെണ്‍മക്കളായ കാജല്‍ (8), അഞ്ചല്‍ (7 ) എന്നിവരാണ് മരിച്ചത്.

ഘുചിയാരി ബഹേര ഗ്രാമത്തിലെ ഇവരുടെ വീട് രാവിലെ തകര്‍ന്നു വീഴുകയായിരുന്നു. ഗ്രാമവാസികള്‍ ഇവരെ വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടികളിലൊരാളെ ജീവനോടെ പുറത്തെടുത്തു. എന്നാല്‍, കനത്ത മഴ മൂലം യാത്രാതടസം നേരിട്ടതിനാല്‍ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചില്ല. പിന്നാലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മനോജ് പാണ്ഡെയുടെ ഇളയ മകള്‍ ശ്രീജല്‍ പരിക്കുകളോടെ രക്ഷപെട്ടു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന ഇയാളുടെ ഭാര്യ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടു.

Exit mobile version