ന്യൂഡല്‍ഹി: ഇനി ഇന്ത്യയില്‍ പെട്രോളിയം ഉല്പന്നങ്ങളെല്ലാം മുഴുവന്‍ വിലയും കൊടുത്ത് വാങ്ങണം. പാചക വാതക സബ്‌സിഡിയും നിര്‍ത്തിയതോടെ രാജ്യത്ത് ഇന്ധന സബ്‌സിഡി തന്നെ പൂര്‍ണമായി ഇല്ലാതാവുകയാണ്.
പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാന്‍ നടപ്പാക്കി വന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. രാജ്യത്തിന്റെ വികസനത്തിന് എന്ന വാദത്തോടെയാണ് സബ്‌സിഡികള്‍ ഓരോന്നായി എടുത്തുകളയുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദ്യം പെട്രോളിന്റെയും പിന്നീട് മോഡി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്റെയും സബ്‌സിഡി നിര്‍ത്തലാക്കി. കഴിഞ്ഞ വര്‍ഷം മുതല്‍ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക സബ്‌സിഡിയും നിര്‍ത്തി.
2013-14 വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്‌സിഡി നല്‍കാനായി ബജറ്റില്‍ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14,000 കോടി രൂപ മാത്രം.
പാചക വാതക സബ്‌സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്‌സിഡി ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായി. സബ്‌സിഡി നിരക്കില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ചെറിയ ശതമാനം മണ്ണെണ്ണ മാത്രമേ ഇനിയുള്ളൂ.
ഭക്ഷ്യ സബ്‌സിഡിക്കായി രണ്ടര ലക്ഷം കോടി രൂപയും രാസവള സബ്‌സിഡിക്കായി 80,000 കോടി രൂപയും ഇപ്പോള്‍ നീക്കിവെക്കുന്നുണ്ട്. അതും സര്‍ക്കാരിനൊരു ബാധ്യതയാകുമോ എന്ന് കാത്തിരുന്ന് കാണാം.
Discussion about this post