ആസാം: ഒളിംപിക് മെഡല്‍ വേണ്ടി വന്നു, ഇന്ത്യന്‍ ബോക്സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌ന്റെ വീട്ടിലേക്ക് റോഡുണ്ടാക്കാന്‍. ലവ്‌ലിന ഒളിമ്പിക് മെഡലുമായി വീട്ടിലേക്ക് ചളി നിറഞ്ഞ റോഡിലൂടെ നടന്ന് വരേണ്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസംവരെ.
എന്നാല്‍, ടോക്യോയില്‍ മെഡലുറപ്പിച്ചതോടെ അധികൃതര്‍ വീട്ടിലേക്കുള്ള വഴി നന്നാക്കാന്‍ ഓടി. പകലും രാത്രിയിലും പണിയെടുത്ത് 3.5 കിലോമീറ്റര്‍ റോഡ് അവര്‍ ടാര്‍ ചെയ്തു.
ആസാമിലെ ഗോല്‍ഗറ്റ് ജില്ലയിലെ ബരോമുഖിയയിലാണ് ഇന്ത്യന്‍ ബോക്സിങ് താരത്തിന്റെ വീട്. ലവ്ലിനയുടെ നാട്ടില്‍ ഇത്തരത്തില്‍ 2000-ത്തോളം റോഡുകളുണ്ട്. എല്ലാം മഴ പെയ്താല്‍ ചെളി നിറയുന്ന മണ്‍റോഡുകള്‍. കോണ്‍ക്രീറ്റ് ചെയ്യാന്‍ ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.
ആശുപത്രിയിലേക്കുപോലും രോഗികളെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പക്ഷേ ആരും മറുപടി നല്‍കിയില്ല എന്നുമാത്രം.
2016 ല്‍ ലവ്ലനിയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. പക്ഷേ അന്ന് 100 മീറ്റര്‍ ആയപ്പോഴേക്കും പണി നിലച്ചു.
അസമില്‍ നിന്നുള്ള ആദ്യ വനിതാ ബോക്സറാണ് 23കാരിയായ ലവ്ലിന. ലവ്ലിനയുടെ ആദ്യ ഒളിംപിക്സ് ആണ് ഇത്. കിക്ക്ബോക്സറായിട്ടാണ് അവളുടെ കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് ബോക്സിങിലേക്ക് മാറി. സാധാരണ കച്ചവടക്കാരനായ ലവ്ലിനയുടെ അച്ഛന് പലപ്പോഴും അവളുടെ സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടപ്പോഴാണ് അവള്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തത്.
2012 ല്‍ സായ്യില്‍ ലഭിച്ച പരിശീലനമാണ് ലവ്ലിനയുടെ കരിയറില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. പ്രശസ്ത ബോക്സിങ് പരിശീലകന്‍ പഡും ബോറോയായിരുന്നു അവളുടെ പരിശീലകന്‍. പിന്നീട് അന്താരാഷ്ട്ര താരമായി വളര്‍ന്നതോടെ ഇന്ത്യയുടെ വനിതകളുടെ ചീഫ് കോച്ചായ ശിവ് ശിങിന്റെ ശിക്ഷണത്തിലാണ് അവള്‍ പരിശീലിച്ചത്.
Road After Medal#LovlinaBorgohain village get metalled road. Long pending road work started only after she assured medal in Tokyo.
This is a reason why we lack in sports. Attention comes only after the medal, largely authorities fail to strengthen system at grassroots level… pic.twitter.com/2HoIjEwSSX
— Saurabh Duggal (@duggal_saurabh) August 1, 2021