ന്യൂഡല്‍ഹി : സംഘര്‍ഷ മേഖലയായ കിഴക്കന്‍ ലഡാക്കില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-ചൈന പന്ത്രണ്ടാം വട്ട കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച പൂര്‍ത്തിയായി. ഒമ്പത് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ച ശനിയാഴ്ച വൈകിട്ട് 7.30നാണ് അവസാനിച്ചത്.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ അധീനതയിലുള്ള മോള്‍ഡോയിലാണ് ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ സംഘര്‍ഷം തുടരുന്ന ഹോട്ട് സ്പ്രിംഗ്, ഗോഗ്ര എന്നിവിടങ്ങളും വിഷയമായി.മൂന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിച്ചത്. നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പ്രദേശമായ ചുഷൂല്‍ അതിര്‍ത്തിയില്‍ ഏപ്രില്‍ ഒമ്പതിനായിരുന്നു അവസാന ചര്‍ച്ച.
കിഴക്കന്‍ ലഡാക്കില്‍ സൈനിക സംഘര്‍ഷം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചര്‍ച്ച പുനരാരംഭിച്ചത്. വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനം ഇന്ത്യ അംഗീകരിക്കില്ലെന്ന് ജൂലൈ 14ന് നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളും ഒരേ സമയം സൈനികരെ പിന്‍വലിക്കാന്‍ ഒരുക്കമാണെങ്കില്‍ മാത്രമേ നടപടികള്‍ സ്വീകരിക്കൂ എന്ന് ശനിയാഴ്ചത്തെ ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കിയതായാണ് വിവരം.