ഷില്ലോങ്; ചിക്കനും മട്ടനും മീനിനും പകരം ബീഫ് കഴിക്കൂവെന്ന് പ്രോത്സാഹിപ്പിച്ച് ബിജെപി നേതാവും മേഘാലയ മന്ത്രിയുമായ സാന്‍ബോര്‍ ഷുള്ളൈ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് ബീഫിനെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയത്.
ബീഫിനെതിരെയാണ് ബിജെപിയെന്ന നിലപാടിനെ പൂര്‍ണ്ണമായും തള്ളിക്കളയാനാണ് താന്‍ ബീഫ് കൂടുതല്‍ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ജനാധിപത്യരാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം എല്ലാവര്‍ക്കും കഴിക്കാനാകുമെന്നും ഷുള്ളെ അഭിപ്രായപ്പെട്ടു. ബിജെപി കന്നുകാലികളെ കൊല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന നിലപാടിനെ ബീഫ് കൂടുതലായും കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസാമില്‍ പശുക്കളെ കൊല്ലുന്നതുസംബന്ധിച്ച് നിലവില്‍ വന്ന നിയമവുമായി ബന്ധപ്പെട്ട് മേഘാലയയിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതില്‍ തടസ്സം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയോട് ആവശ്യപ്പെടുമെന്നും ഷുള്ളെ വ്യക്തമാക്കി.