താനെ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരന് പ്രഹ്ളാദ് മോഡി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ വ്യാപാരികളോട് ജി.എസ്.ടി അടയ്ക്കരുതെന്ന് ഓള് ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് അസോസിയേഷന് പ്രസിഡന്റ് കൂടിയായ പ്രഹ്ളാദ് മോഡി ആവശ്യപ്പെട്ടു.
വ്യാപാരികളുടെ പ്രശ്നങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കാന്‍ പ്രക്ഷോഭം ആരംഭിക്കാനും അദ്ദേഹം ഉപദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തുന്ന തരത്തിലായിരിക്കണം പ്രക്ഷോഭം എന്നും വ്യാപാരികളുടെ സമ്മേളനത്തില്‍ പ്രഹ്ളാദ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മോഡിയായാലും ശരി മറ്റാരെങ്കിലുമായാലും ശരി, അവര്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കണം. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നതുവരെ ജി.എസ്.ടി നല്കുകയില്ലെന്ന് ആദ്യം മഹാരാഷ്ട്ര സര്‍ക്കാരിന് കത്തെഴുതണമെന്നും നമ്മള് ജനാധിപത്യത്തിലാണ് അല്ലാതെ അടിമത്വത്തിലല്ലെന്നും പ്രഹ്ളാദ് പറഞ്ഞു.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കൊവിഡും ലോക്ക്ഡൗണും പ്രതികൂലമായി ബാധിച്ച വ്യാപാരികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ തങ്ങള്ക്കെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ഉല്ഹാസ്നഗറില് നിന്നും അംബര്‍നാഥില്‍ നിന്നുമുളള വ്യാപാരികള്‍ പ്രതികരിച്ചു.
Discussion about this post