ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ബന്ധുവായി ആള്‍മാറാട്ടം നടത്തി വിമാനത്താവളത്തിലെ വിഐപി സൗകര്യങ്ങള്‍ ആസ്വദിച്ച് യുവാവ്. മഹാരാഷ്ട്ര സ്വദേശിയായ പുനീത് ഷായാണ് ഇന്‍ഡോര്‍ രാജ്യാന്തര വിമാനത്താവളം അധികൃതരെ മാസങ്ങളോളം കബളിപ്പിച്ച് വിഐപി സുരക്ഷയും പരിഗണനയുമെല്ലാം നേടിയെടുത്തത്. സംഭവത്തില്‍ പുനീതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അമിത് ഷായുടെ ബന്ധുവാണെന്ന് അധികൃതരെ പറഞ്ഞ് ബോധ്യപ്പെടുത്തിയ പുനീത് ഷാ വിമാനത്താവളത്തില്‍ വിഐപികള്‍ക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ആസ്വദിച്ചുവരികയായിരുന്നു. അധികൃതര്‍ ഇയാള്‍ക്കായി വിഐപി ലോഞ്ചിലേക്കുള്ള പ്രവേശനം, വിമാനത്താവളത്തിലെ വാഹനങ്ങളിലുള്ള യാത്ര, പ്രത്യേക സുരക്ഷയും മറ്റു സൗകര്യങ്ങളുമെല്ലാം അനുവദിച്ചിരുന്നു.
ഏഴു മാസത്തോളം വിഐപി പരിചരണത്തില്‍ ഇയാള്‍ കഴിഞ്ഞത്. എന്നാല്‍, ദിവസങ്ങള്‍ക്കുമുന്‍പ് ഇയാളുടെ നീക്കത്തില്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. വിമാനത്താവളം അധികൃതര്‍ ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോള്‍ അമിത് ഷായുമായി ഒരു ബന്ധവുമില്ലെന്നു കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ഇന്‍ഡോര്‍ രാജ്യാന്തര വിമാനത്താവളം അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Discussion about this post