മുംബൈ: ”നിന്നെ ഞാന്‍ അത്രയ്ക്കും സ്‌നേഹിക്കുന്നു വിവേക്. എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല. നിന്നെ രക്ഷിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടുപോയിരിക്കുന്നു. ഞാന്‍ ജീവിതം അവസാനിപ്പിക്കുകയാണ്’, പ്രിയതമന്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സ്വാതി എഴുതിയ കുറിപ്പിലെ വരികളാണിത്.
മുംബൈ വസായ് സ്വദേശിയായ സ്വാതി ചൊവ്വാഴ്ചയാണ് പ്രിയതമന്‍ തന്നെ വിട്ടുപിരിയുമെന്ന സങ്കടത്തില്‍ ജീവന്‍ അവസാനിപ്പിച്ചത്. രണ്ടു ദിവസത്തിനുശേഷം വിവേകിനെയും മരണം കവര്‍ന്നു. കോവിഡ് ചികിത്സക്കിടെ വ്യാഴാഴ്ചയായിരുന്നു 38കാരനായ വിവേകിന്റെ അന്ത്യം.
”നിന്നെ ഞാന്‍ അത്രയ്ക്കും സ്‌നേഹിക്കുന്നു വിവേക്. എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല. നിന്റെ ആരോഗ്യം അപകടാവസ്ഥയിലാണെന്നെനിക്കറിയാം. രോഗത്തില്‍ നിന്ന് നിന്നെ രക്ഷിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടുപോയിരിക്കുന്നു. എന്റെ കുടുംബാംഗങ്ങളെല്ലാം കോവിഡ് ബാധിച്ച് ഇപ്പോള്‍ ആശുപത്രിയിലാണ്. ഞാന്‍ ജീവിതം അവസാനിപ്പിക്കുകയാണ്. നീയില്ലാതെ ജീവിക്കാനാകില്ല വിവേക്’- സ്വാതി കുറിച്ചു.
കോവിഡ് ബാധിതനായ ഭര്‍ത്താവ് വിവേക് ഡിസില്‍വ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായതോടെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സ്വാതി എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് പിന്നീട് കണ്ടെടുക്കുകയായിരുന്നു.
വസായ് സ്വദേശിയായ വിവേക് ജൂലൈ 17നാണ് കോവിഡ് പൊസിറ്റീവായത്. സ്വാതിക്ക് നേരത്തേ, കോവിഡ് ബാധിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ സ്വാതി പിന്നീട് നെഗറ്റീവായി. എന്നാല്‍, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് സ്വാതിയെ വിളിച്ചിരുന്നു. വിവേകിന്റെ അവസ്ഥ ഗുരുതരമാണെന്നും വെന്റിലേറ്ററിലേക്ക് മാറ്റാന്‍ അനുമതി നല്‍കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തി, ഭര്‍ത്താവിനെ വെന്റിലേറ്ററിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കി. ശേഷം, വീട്ടില്‍ തിരിച്ചെത്തിയ സ്വാതി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
വിവേകിന്റെ മാതാപിതാക്കളും കോവിഡ് ബാധിതരാണ്. അവര്‍ ഐസൊലേഷന്‍ സെന്ററില്‍ കഴിഞ്ഞുവരവേയാണ് മകന്റെയും മരുമകളുടെയും ആകസ്മിക വിയോഗം.
Discussion about this post