ന്യൂഡല്‍ഹി: ഗോവ കൂട്ടബലാത്സംഗത്തില്‍ പെണ്‍കുട്ടികളുടെ കുടുംബത്തിനെതിരെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍മീഡിയ ഒന്നടങ്കം വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ പ്രമോദ് സാവന്തിനെതിരെയും ബിജെപി നേതൃത്വത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘എന്തിനാണ് ഇതുപോലെയുള്ളവരെ മുഖ്യമന്ത്രിയായി നിയമിക്കാന്‍ ബി.ജെ.പി. ഇത്ര താല്‍പ്പര്യം കാണിക്കുന്നത്,’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ടതില്‍, രാത്രിയില്‍ എന്തിനാണ് പെണ്‍കുട്ടികളെ പുറത്തേക്ക് വിട്ടതെന്ന് പ്രമോദ് സാവന്ത് ചോദിച്ചിരുന്നു.
Why does BJP appoint such people as CM? https://t.co/nIFsNQCkNz
— Prashant Bhushan (@pbhushan1) July 29, 2021
’14 വയസ്സുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ ചെലവഴിക്കുമ്പോള്‍ മാതാപിതാക്കള്‍ അന്വേഷിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് അനുസരണയില്ലാത്തതിന് പൊലീസിനും സര്‍ക്കാരിനുമല്ല ഉത്തരവാദിത്തം,’ എന്നായിരുന്നു സാവന്ത് പറഞ്ഞത്. നിയമസഭയിലായിരുന്നു സാവന്തിന്റെ പരാമര്‍ശം. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും സാവന്തിനാണ്. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ പിന്‍വലിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഗോവയിലെ ബെനോലിം ബീച്ചില്‍വെച്ച് രണ്ടുപെണ്‍കുട്ടികളെ നാലു പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു ഇവര്‍. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദിച്ച് അവശരാക്കിയതിനു ശേഷമായിരുന്നു പെണ്‍കുട്ടികളെ സംഘം ആക്രമിച്ചത്. അക്രമികളില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പോലീസ് സംഘമാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഈ ക്രൂരതയെ മറച്ചുകൊണ്ടായിരുന്നു ഗോവ മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഭവത്തില്‍ അതിരൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്.