സില്‍ച്ചര്‍ : ആസാം-മിസോറാം സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മിസോറാമിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ആസാം. നിലവില്‍ മിസോറാമില്‍ ജോലിക്കും മറ്റുമായി താമസിക്കുന്ന ആസാം സ്വദേശികളോട് അതീവ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആസാം-മിസോറാം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മിസോറാമില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ആസാം സര്‍ക്കാര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ആസാം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
മിസോറാമില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്നും ആസാം ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങള്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെ അല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും കടത്തി വിടുക.
എന്നാല്‍ ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ആസാം പോലീസിനെ വിന്യസിച്ചത് ശരിയായ നടപടിയല്ലെന്ന് മിസോറാം ആഭ്യന്തര സെക്രട്ടറി ലാല്‍ബിയാക്‌സംഗി വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ള കേന്ദ്ര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ പോലീസിനെ വിന്യസിച്ചത് ഇരുകൂട്ടര്‍ക്കുമിടയില്‍ ഭയത്തിനും പരിഭ്രാന്തിക്കും കാരണമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരും ഡിജിപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് ഇരു കൂട്ടരും സൗഹൃദപരമായി മുന്നോട്ട് പോകണമെന്നാണ് ചര്‍ച്ചയില്‍ തീരുമാനമായത്.