റാഞ്ചി: പ്രഭാത നടത്തത്തിനിറങ്ങിയ അഡീഷനൽ ജില്ല ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ഝാർഖണ്ഡിലെ ധൻബാദ് ജില്ല കോടതിക്ക് സമീപം രൺധീർ വർമ ചൗക്കിൽ വെച്ചാണ് സംഭവം. ധൻബാദ് മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ച് എഡിജെ ഉത്തം ആനന്ദിനെ പിന്നിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചിട്ടത്. ആറ് മാസം മുമ്പാണ് ഉത്തം ആനന്ദ് ധൻബാദിലെത്തിയത്.
അദ്ദേഹത്തെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആദ്യം മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെയാണ് ജഡ്ജ് ആണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. വാഹനം ഉടൻ കണ്ടെത്തുമെന്നു പോലീസ് അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല.
धनबाद के ज़िला सत्र जज उत्तम आनंद का बुधवार सुबह मोर्निंग वॉक में एक ऑटो के ठक्कर में मौत का मामला गहराता जा रहा हैं @ndtvindia @Anurag_Dwary pic.twitter.com/oV3m3Ca6x0
— manish (@manishndtv) July 28, 2021
ഒഴിഞ്ഞുകിടക്കുന്ന റോഡിലുണ്ടായ അപകടത്തെ സംബന്ധിച്ച് കൂടുതൽ ദുരൂഹതകൾ ഉയരുകയാണ്. സംഭവം കൊലപാതകമാണെന്ന തരത്തിൽ സംശയങ്ങളും ബലപ്പെടുകയാണ്. ജാരിയ എംഎൽഎ സഞ്ജീവ് സിങ്ങിന്റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ഉത്തം ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസിൽ ഉത്തർപ്രദേശിലെ അമാൻ സിങ്ങിന്റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക് അദ്ദേഹം ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഝാർഖണ്ഡ് ജുഡീഷ്യൽ സർവീസ് അസോസിയേഷൻ ആവശ്യപ്പട്ടു.