ലഖ്നൗ: തങ്ങളുടെ പ്രണയത്തിന് എതിരുനിന്ന പിതാവിനെ കൊലപ്പെടുത്തി മകളും കാമുകനും. വിവാഹത്തിന് വിസമ്മതമറിയിച്ച പിതാവിനെ കാമുകന്റെ സഹായത്തോടെയാണ് യുവതി കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 46കാരനായ ഹർപാൽ സിങ്ങാണ് മരിച്ചത്.
ഹർപാലിനെ മദ്യം നൽകി മയക്കിയ ശേഷം ബോധം പോകുന്നത് വരെ പ്രീതിയും കാമുകനും ഇരുമ്പ് വടി ഉപയോഗിച്ച് മർദിച്ചു. ബറേലിയിലെ സംഭൽ ഗ്രാമത്തിൽ മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഹർപാലിന്റെ മൃതദേഹം കണ്ടെത്തിയത്. ഹർപാലിൻറെ മകളും കാമുകനും മറ്റൊരാളും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ മകൾ പ്രീതിയെയും ധർമേന്ദ്ര യാദവിനെയും പോലീസ് ബാദുനിൽ നിന്ന് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി ഒളിവിലാണ്.
കർഷകനായ ഹർപാൽ മകളുടെ പ്രണയത്തിന് വിസമ്മതിക്കുകയും തന്റെ ഭൂമി വിട്ടുനൽകില്ലെന്നു അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് പിതാവിനെ കൊല്ലാൻ മകളും കാമുകനും തീരുമാനിച്ചത്. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയെന്നാണ് കരുതിയിരുന്നതെങ്കിലും പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് മനസിലായത്. ഹർപാലിന്റെ ശരീരത്തിൽ കണ്ട മർദനത്തിൻറെ പാടുകൾ ശ്രദ്ധയിൽപെട്ടതോടെയാണ് പോലീസ് കൂടുതൽ അന്വേഷണം തുടങ്ങിയത്.
പിതാവ് മരിച്ച ദിവസം മകൾ കാമുകന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചത് ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസിന് സംശയം തോന്നിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കൊലപാതകം ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Discussion about this post