ഷാര്‍ജ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശിക്ക് 3.1 മില്യണ്‍ ദിര്‍ഹം (ഏകദേശം ആറുകോടി 20 ലക്ഷം രൂപ) നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ദുബായ് കോടതിയുടെ ഉത്തരവ്. അന്നമനട സ്വദേശി സിജീഷ് പാണാട്ട് സുബ്രഹ്മണ്യന്‍ (41) ആണ് കോടതിയുടെ ആശ്വാസ വിധി. 2020 മേയ് 18-നാണ് ദുബായിയില്‍ സ്വകാര്യകമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന സിജീഷിന്റെ ജീവിതം മാറ്റിമറിച്ച വാഹനാപകടമുണ്ടായത്.
അല്‍ഐന്‍ അല്‍ ഫഖയ്ക്ക് സമീപം സിജേഷ് ഓടിച്ചിരുന്ന വാഹനത്തിനു പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സിജീഷ് രണ്ടുമാസത്തിലേറെ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി നാട്ടിലേയ്ക്ക് എത്തിച്ചു. കേരളത്തിലെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലായിരുന്നു തുടര്‍ചികിത്സ.
ദുബായിയിലെ അഭിഭാഷകനും നോര്‍ക്ക-റൂട്ട്സ് നിയമോപദേശകനുമായ അഡ്വ. ഫെമിന്‍ പണിക്കശ്ശേരിയാണ് അബ്ദുല്ല അല്‍ നഖ്ബി അഡ്വക്കേറ്റ്സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്റ്സ് വഴി സിജീഷിന് നഷ്ടപരിഹാരം അനുവദിച്ചുകിട്ടാന്‍ കേസ് ഫയല്‍ചെയ്തത്. അഡ്വ. ഫെമിന്റെ പോരാട്ടത്തിനൊടുവില്‍ സിജീഷിന് അനുകൂലമായി വിധി എത്തിയത്. അപകടത്തെത്തുടര്‍ന്ന് ഹര്‍ജിക്കാരന് സംഭവിച്ച ശാരീരികപ്രയാസങ്ങളും മറ്റു വിഷമങ്ങളും പരിഗണിച്ചാണ് കോടതി നീതിപൂര്‍വമായ വിധി പ്രസ്താവിച്ചതെന്ന് അഡ്വ. ഫെമിന്‍ പണിക്കശ്ശേരി പറഞ്ഞു.
ഇന്‍ഷുറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കിയാണ് കേസ് നല്‍കിയത്. ഇതിനെതിരേ ഇന്‍ഷുറന്‍സ് കമ്പനി അബുദാബി കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും മേല്‍ക്കോടതിയും കീഴ്‌ക്കോടതി വിധി അംഗീകരിക്കുകയായിരുന്നു. സിജീഷ് ജോലിചെയ്തിരുന്ന കമ്പനിതന്നെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ചെയ്തിരുന്നു.
Discussion about this post