ന്യൂഡല്‍ഹി : കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഡല്‍ഹി മെട്രോയില്‍ 263 പേര്‍ക്ക് പിഴ ചുമത്തി. തിങ്കളാഴ്ച മുതല്‍ പൂര്‍ണതോതില്‍ ഓടിത്തുടങ്ങിയ ഡല്‍ഹി മെട്രോയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 16.9 ലക്ഷം യാത്രക്കാരുണ്ടായിരുന്നതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു.
പൂര്‍ണതോതിലാണ് പ്രവര്‍ത്തനമെങ്കിലും മെട്രോയില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ഞായറാഴ്ച വരെ 50 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കിയായിരുന്നു ഡല്‍ഹി മെട്രോ സര്‍വീസ് നടത്തിയിരുന്നത്. ഇതോടൊപ്പം തിയേറ്ററുകളിലും 50 ശതമാനം പേര്‍ക്ക് പ്രവേശനമനുവദിച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നീണ്ട കാലത്തെ ലോക്ക്ഡൗണിന് ശേഷം ജൂണ്‍ ഏഴിനാണ് മെട്രോ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചത്. യാത്രക്കാരുടെ എണ്ണമനുസരിച്ചായിരുന്നു സര്‍വീസ്. യാത്രക്കാര്‍ കോവിഡ് മാനണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്.