ചെന്നൈ: വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെടുന്നതിനാൽ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അധ്യാപകർ തന്നെ വിദ്യാർത്ഥിനികളെ പീഡിപ്പിക്കുന്നത് ഹീനകൃത്യമാണ്. ഇതിനെ കർശനമായി, ഉരുക്കുമുഷ്ടിയോടെ അധികൃതർ നേരിടണമെന്ന് ജസ്റ്റിസ് പി വേൽമുരുകൻ നിർദേശം നൽകി.
വിദ്യാർത്ഥിനികൾക്ക് പീഡനമേറ്റാൽ പലരും പുറത്ത് പറയാൻ മടി കാണിക്കും. അതിനാൽ പരാതി അറിയിക്കാൻ സ്‌കൂളിൽ പരാതിപ്പെട്ടി സ്ഥാപിക്കണം. ഇതിന്റെ താക്കോൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
പരാതികൾ പരിശോധിച്ച് പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെങ്കിൽ പോലീസിനെ അറിയിക്കണം. എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി വേണം. അതിനായി ഡിഇഒമാർ മുൻകൈ എടുക്കണം. പരാതികൾ പരിശോധിക്കാൻ ഒരു സമിതിയെ ഹൈക്കോടതി രൂപീകരിക്കുകയും ചെയ്തു. പീഡനകേസുകൾ വിചാരണ ചെയ്യുന്ന ചില പോക്‌സോ കോടതി ജഡ്ജിമാർക്ക് പരിശീലനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. കാരണം നിയമവശങ്ങൾ ചില ജഡ്ജിമാർ ശരിയാംവണ്ണം മനസ്സിലാക്കാതെയാണ് ശിക്ഷവിധിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
സേലം ജില്ലയിലെ സിഎസ്‌ഐ ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപകനായ പാസ്റ്റർ ജയശീലന് അഞ്ച് വർഷം തടവ് വിധിച്ച കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിന് ഒപ്പമാണ് കോടതിയുടെ പരാമർശം. ഒരു വിദ്യാർത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.