മുംബൈ: കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർക്ക് മൂന്നാം തവണയും കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടർക്ക് കോവിഡ് ഒരു തവണ ബാധിച്ചിട്ടുണ്ടായിരുന്നു. രണ്ട് തവണ രോഗം പിടിപെട്ടത് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷമാണ്. വീർ സവർക്കർ ആശുപത്രിയിലെ 26 കാരിയായ ഡോ. സൃഷ്ടി ഹലാരിക്കാണ് വീണ്ടും രോഗം പിടിപെട്ടത്.
കഴിഞ്ഞ 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 17നാണ് ഡോക്ടർക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമേ അന്നു കാണിച്ചിരുന്നുള്ളു. ഈ വർഷം മാർച്ച് എട്ടിന് ഡോക്ടർ ഹലാരി കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസും ഏപ്രിൽ 29ന് രണ്ടാം ഡോസും സ്വീകരിച്ചിരുന്നു. പിന്നാലെ മേയ് 29ന് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു.
ഇത്തവണയും ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതിനുപിന്നാലെ ജൂലായ് 11നാണ് മൂന്നാം തവണയും കോവിഡ് പോസിറ്റിവായത്. വൈറസിന്റെ ഏത് വകഭേദമാണ് ബാധിച്ചതെന്ന് തിരിച്ചറിയാൻ ഡോക്ടറുടെ സാംപിൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഡോക്ടറുടെ മാതാപിതാക്കൾക്കും സഹോദരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചാലും കോവിഡ് പിടിപെടാൻ സാധ്യതയുണ്ടെന്നും വാക്സിൻ രോഗത്തിന്റെ തീവ്രത കുറച്ച് ആശുപത്രിയിൽ ചികിത്സ തേടേണ്ട സാധ്യത കുറയ്ക്കുക മാത്രമാണ് ചെയ്യുകയെന്നുമാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Discussion about this post