മനുഷ്യത്തല ഭക്ഷിക്കുന്നത് കുലദൈവ പ്രീതിക്കായി, കര്‍ക്കിടകത്തിലെ കൊടും ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് വിശ്വാസം, ശവം പകുതി മാത്രം ദഹിപ്പിച്ച് അവയവങ്ങള്‍ സ്വാമിവേട്ടയ്ക്കായി നല്‍കും; ഇനിയും മാറാതെ ദുരാചാരം

ചെന്നൈ: ഉത്സവ ആചാരത്തിന്റെ ഭാഗമായി മനുഷ്യത്തല ഭക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ സാമിയാദി എന്നറിയപ്പെടുന്ന നാല് പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

കര്‍ക്കിടകമാസത്തിലെ കൊടും ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് മനുഷ്യത്തല തിന്നുന്ന ‘സ്വാമിയാടല്‍’ നടത്തിയതെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയ വിശദീകരണം. ശവശരീരത്തിന്റെ തല ഭക്ഷിക്കുന്ന ഈ ദുരാചാരം തെങ്കാശിയിലെ ഗ്രാമത്തില്‍ പതിറ്റാണ്ടുകളായി നടന്ന് വരുന്നതാണെന്ന് വിവരം ലഭിച്ചതായി പൊലീസ് പറയുന്നു.

കുലദൈവ പ്രീതിക്കായാണ് ഇങ്ങനെ നടത്തുന്നത്. ശക്തിമാടസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ശവശരീരത്തിന്റെ തല ഭക്ഷിക്കുന്ന വിഡിയോയാണ് നിയമനടപടികള്‍ക്കു വഴിയൊരുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഉത്സവത്തോട് അനുബന്ധിച്ച് പൂജാരിമാര്‍ വേട്ടയ്ക്കു പോയി തിരികെ എത്തിയപ്പോഴാണ് മനുഷ്യത്തല കൊണ്ടുവന്നത്. ഈ തല 4 പേരും ചേര്‍ന്നു ഭക്ഷിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ ഉത്സവത്തിനു തൊട്ടു മുന്‍പ് ഈ ഗ്രാമത്തിലെ ആരെങ്കിലും മരിച്ചാല്‍ ഉത്സവത്തിനുള്ള സ്വാമിവേട്ടയ്ക്കായി പകുതി മാത്രമേ ദഹിപ്പിക്കുകയുള്ളൂ. ഈ മൃതദേഹത്തില്‍ നിന്നുള്ള അവവയവങ്ങളാണ് വേട്ടയ്ക്കു പോകുന്നവര്‍ തിരികെയെത്തുമ്പോള്‍ കൊണ്ടു വരുന്നത്.

കൊണ്ടുവരുന്ന അവയവങ്ങള്‍ ജനക്കൂട്ടത്തിന്റെ മുന്നില്‍ നിന്നു ഭക്ഷിച്ചാണ് സ്വാമിയാട്ടം അവസാനിക്കുന്നത്. സംഭവം തമിഴ്‌നാട്ടിലാകെ ചര്‍ച്ചയായെങ്കിലും ഈ ഗ്രാമത്തില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. അതേസമയം, എല്ലാ വര്‍ഷവും നടത്തിവരുന്ന ആചാരത്തില്‍ പൊലീസ് കൈകടത്തിയതിനെതിരെ ഗ്രാമവാസികള്‍ പരാതിപ്പെട്ടിട്ടുമുണ്ട്.

Exit mobile version