ന്യൂഡല്‍ഹി : മാവോവാദികള്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ക്കുകയും സായുധ പരീശീലനം നല്‍കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ച വിവരങ്ങള്‍ പ്രകാരം ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് പരിശീലിപ്പിക്കുന്നത്.
കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.രാജ്യത്ത് മാവോവാദികളുടെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറയുന്നുണ്ടെന്ന് വ്യക്തമാക്കിയ റായ് മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോഡി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ജാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോവാദികള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര് ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ ബീഹാറില്‍ കോല യാദവ് എന്നയാളെയും അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് ജൂണില്‍ മാത്രം ആറ് മാവോവാദികളെയാണ് സേന വധിച്ചത്.
Discussion about this post