ചെന്നൈ: മനുഷ്യത്തല ഭക്ഷിക്കുന്ന വീഡിയോ വൈറലായതോടെ സംഭവത്തില്‍ കേസ് എടുത്ത് പോലീസ്. നാല് പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പോലീസ് കേസെടുത്തത്.
പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോയാണ് വൈറലായത്. ശക്തിമാട സ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്നു മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ ചിലര്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് നാല് പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെ തെങ്കാശി പോലീസ് കേസെടുത്തത്.
സ്വാമിയാട്ടം എന്നാണ് ഈ ചടങ്ങിന് ഗ്രാമീണര്‍ വിളിക്കുന്ന പേര്. അറസ്റ്റിലായ നാല് പൂജാരിമാരും സ്വാമിയാട്ടച്ചടങ്ങില്‍ പങ്കെടുത്തവരാണ്.ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാര്‍ വേട്ടയ്ക്കു പോകുന്ന ചടങ്ങുണ്ട്.
തിരികെ വരുമ്പോള്‍ കൊണ്ടുവരുന്ന മനുഷ്യത്തല ഇവര്‍ ചേര്‍ന്നു ഭക്ഷിക്കുന്നതാണ് ആചാരം. കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വര്‍ഷവും ഈ ചടങ്ങു നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സമീപത്തെ ശ്മശാനത്തില്‍ നിന്നാണു തല ലഭിച്ചതെന്നാണ് പിടിയിലായ പൂജാരിമാര്‍ പോലീസിനോടു പറഞ്ഞത്. അതേസമയം ഇത് യഥാര്‍ഥ മനുഷ്യത്തല തന്നെയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.