മൈസുരു : കാട്ടുകൊള്ളക്കാരന് വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന ചാമരാജനഗറിലെ ഗോപിനാഥത്തെ വനമേഖല വിനോദസഞ്ചാരികള്‍ക്കായി ട്രക്കിങ് പാതയാക്കാനൊരുങ്ങി കര്‍ണാടക.
വീരപ്പന്റെ ജന്മസ്ഥലമാണ് തമിഴ്നാടിന്റെ അതിര്‍ത്തിഗ്രാമമായ ഗോപിനാഥം. വീരപ്പനിലൂടെ കുപ്രസിദ്ധമായിരുന്ന ഈ പ്രദേശം സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ മാറ്റിയെടുക്കാനാണ് വനം വകുപ്പും വിനോദസഞ്ചാരവകുപ്പും ചേര്‍ന്ന് പദ്ധതിയിടുന്നത്. നിഗൂഢ പഥം എന്ന പേരില്‍ പ്രദേശത്തെ പുനരവതരിപ്പിക്കാനാണ് ലക്ഷ്യം. 20 കിലോമീറ്റളോളം വരുന്നതാണ് പാത. ഡിസംബര്‍ അവസാനത്തോടെ പദ്ധതി നടപ്പാക്കിയേക്കും.
വീരപ്പനുമായി ഏറ്റുമുട്ടി വനപാലകരും പോലീസുകാരും കൊല്ലപ്പെട്ട സ്ഥലങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം ട്രക്കിങ് പാതയില്‍ ഉള്‍പ്പെടുത്തും. കൂടാതെ സഫാരി നടപ്പാക്കാന്‍ റോഡുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്. പദ്ധതിയ്ക്കായി അഞ്ച് കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്ന് ജംഗിള്‍ ലോഡ്ജസ് ആന്‍ഡ് റിസോര്‍ട്ട്സ് മാനേജിങ് ഡയറക്ടര്‍ കുമാര്‍ പുഷ്കര്‍ പറഞ്ഞു.
വര്‍ഷങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം ആരും പ്രദേശത്ത് പോകാറില്ല. ഗോപിനാഥത്തെത്തുന്ന വിനോദസഞ്ചാരികള്‍ അവിടുത്തെ ജംഗിള്‍ ലോഡ്ജസ് ആന്‍ഡ് റിസോര്‍ട്ടില്‍ താമസിച്ചശേഷം മടങ്ങാറാണ് പതിവ്. കൂടാരത്തില്‍ താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ട്രക്കിങ് പദ്ധതി നടപ്പാക്കുന്ന കാര്യം ചാമരാജനഗര്‍ വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ മനോജ് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post