ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിന് മണിപ്പൂര്‍ പോലീസില്‍ നിയമനം. മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിറക്കി. ഇതോടൊപ്പം താരത്തിന് ഒരു കോടി രൂപ പാരിതോഷികം നല്‍കാനും മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നിലവില്‍ റെയില്‍വേയിലെ ടിക്കറ്റ് എക്സാമിനര്‍ ആയിരുന്നു ചാനു. ഒളിംപിക്സിലെ നേട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം താരവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഈ ജോലിക്ക് പകരം മറ്റൊരു ജോലി നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി മീരാബായ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.
വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളി മെഡല്‍ നേടിയത്. സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് ഉയര്‍ത്തിയത്.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പിവി സിന്ധുവിന് ശേഷം ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിത കൂടിയാണ് ചാനു.
2000-ലെ സിഡ്നി ഒളിംപിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വാഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്.
മെഡല്‍ നേടി നാട്ടില്‍ തിരികെയെത്തിയ ചാനുവിന് ഊഷ്മള സ്വീകരണം ലഭിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ ജീവനക്കാര്‍ കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും ഇന്ത്യന്‍ താരത്തിനു സ്വീകരണം നല്‍കിയത്. നാട്ടിലെത്തിയെന്ന് ചാനു തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മീരാബായ് ചാനുവിന്റെ മെഡല്‍ സ്വര്‍ണം ആവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം നേടിയ ചൈനയുടെ ഷിഹൂയി ഹൗവിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയയാക്കും. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ താരത്തെ അയോഗ്യയാക്കുകയും രണ്ടാമതെത്തിയ ചാനുവിനെ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്യും.
Discussion about this post