വെള്ളപ്പൊക്കത്തില്‍ ബസ് ഡിപ്പോ മുങ്ങി: 9 ലക്ഷം രൂപയുമായി ഡിപ്പോ മാനേജര്‍ ബസിന് മുകളില്‍ കയറി നിന്നത് ഏഴ് മണിക്കൂര്‍

മുംബൈ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്തമഴ മുംബൈയെ വെള്ളത്തില്‍ മുക്കിയിരിക്കുകയാണ്. അപ്രതീക്ഷിത മഴയില്‍ നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ രത്നഗിരി, കോല്‍ഹാപുര്‍, സന്‍ഗിളി തുടങ്ങി കൊങ്കന്‍ മേഖലയിലെ മിക്ക ജില്ലകളും വെള്ളത്തിനടിയിലായി.

വെള്ളപ്പൊക്കത്തിലും ജീവന്‍ പണയം വച്ച് ഡിപ്പോയിലുണ്ടായിരുന്ന ഒന്‍പതു ലക്ഷം രൂപ നനയാതെ സൂക്ഷിച്ച മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ടിസി) മാനേജര്‍ രന്‍ജീത് റെജെ ഷിര്‍ദെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഴവെള്ളം ഇരച്ചെത്തിയപ്പോള്‍ പണവുമായി ഷിര്‍ദെ ഏകദേശം ഏഴുമണിക്കൂറോളമാണ് ബസിന് മുകളില്‍ കയറിനിന്നത്.

രത്നഗിരി ജില്ലയിലെ ചിപ്ലൂണ്‍ ബസ് ഡിപ്പോ മാനേജാണ് ഷിര്‍ദെ. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സമീപമേഖലയിലെ ബസുകളും മറ്റുവാഹനങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിപ്പോയി. ഷിര്‍ദെയുടെ ഓഫീസ് നിന്നിരുന്ന സ്ഥലം മാത്രമാണ് വെള്ളപ്പൊക്കം ബാധിക്കാതിരുന്നത്. ചുറ്റും വെള്ളം പൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഷിര്‍ദെ ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുമുകളില്‍ കയറിനിന്നു. വൈകാതെ അവിടേക്കും മഴവെള്ളം ഇരച്ചെത്തി.

തുടര്‍ന്ന് പണവുമായി അദ്ദേഹം ഏകദേശം ഏഴുമണിക്കൂര്‍ ബസിന് മുകളില്‍ തന്നെ നിന്നു. സര്‍ക്കാര്‍ പണം സംരക്ഷിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഷിര്‍ദെ പറഞ്ഞു. ഓരോ മിനിറ്റിലും ജലനിരപ്പ് കൂടിക്കൂടി വന്നു. ഓഫീസില്‍ പണം സൂക്ഷിച്ചിരുന്നെങ്കില്‍ അത് മുഴുവന്‍ നശിച്ചു പോകുമായിരുന്നു. അത്രയും വലിയ തുക സംരക്ഷിക്കുകയെന്നത് എന്റെ ഉത്തരവാദിത്വമായിരുന്നു-ഷിര്‍ദെയെ പറഞ്ഞു.

വെള്ളം ഇറങ്ങിയശേഷം മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രത്നഗിരി ഡിവിഷണല്‍ ഓഫീസില്‍ വിളിച്ച് താന്‍ കുടുങ്ങിക്കിടക്കുന്ന വിവരം ഷിര്‍ദെ തന്നെയാണ് അറിയിച്ചത്.

Exit mobile version