കൊവിഡ് 19 മഹാമാരി രാജ്യത്ത് പിടിമുറുക്കിയതോടെ അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന ഭൂരിവിഭാഗം ജനങ്ങളും ദുരിതത്തിലായി. ഈ വേളയില്‍ വീട്ടിലിരുന്ന് എങ്ങനെ സമ്പാദിക്കാമെന്ന് കണ്ടെത്തുന്നവരെ നാം കണ്ടിരുന്നു. അക്കൂട്ടത്തില്‍ തിളങ്ങുകയാണ് ദിവസക്കൂലിക്കാരനായ ഐസക് മുണ്ട എന്ന യുവാവ്. മൂവായിരം രൂപ വായ്പയെടുത്ത സ്മാര്‍ട്ട് ഫോണിലൂടെ യൂട്യൂബ് ചാനല്‍ തുടങ്ങിയ ഐസക് ഇന്ന് മാസത്തില്‍ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലെ ബാബുപാലി ഗ്രാമവാസിയാണ് 35കാരനായ ഐസക് മുണ്ട. ഞായറാഴ്ച നടന്ന 79-ാമത് ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഐസക് മുണ്ടയെ പ്രശംസിച്ചു.
മോഡിയുടെ വാക്കുകള്‍;
ഐസക് ജി ഒരിക്കല്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നു, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്റര്‍നെറ്റിലെ താരമായി മാറിയിരിക്കുന്നു. മുണ്ട തന്റെ യൂട്യൂബ് ചാനലിലൂടെ ധാരാളം സമ്പാദിക്കുന്നുണ്ട്. തന്റെ വിഡിയോകളിലൂടെ അദ്ദേഹം പ്രാദേശിക വിഭവങ്ങള്‍, പരമ്പരാഗത പാചക രീതികള്‍, ഗ്രാമം, ജീവിതശൈലി, കുടുംബം, ഭക്ഷണ ശീലങ്ങള്‍ എല്ലാം പചരിയപ്പെടുത്തുന്നു.
2020 മാര്‍ച്ചില്‍ ഒഡീഷയിലെ പ്രശസ്തമായ പ്രാദേശിക വിഭവമായ പഖാലുമായി ബന്ധപ്പെട്ട ഒരു വിഡിയോയാണ് ആദ്യമായി പോസ്റ്റ് ചെയ്തത്. അന്നാണ് യൂട്യൂബര്‍ എന്ന നിലയില്‍ മുണ്ടയുടെ യാത്ര ആരംഭിച്ചത്. അതിനുശേഷം അദ്ദേഹം നൂറുകണക്കിന് വിഡിയോകള്‍ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഈ ശ്രമം പല കാരണങ്ങളാല്‍ വ്യത്യസ്തമാണ്. പ്രത്യേകിച്ചും ഇതിലൂടെ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ അറിയാത്ത ജീവിതശൈലി കാണാനുള്ള അവസരം ലഭിക്കുന്നു. സംസ്‌കാരവും പാചകരീതിയും തുല്യമായി സമന്വയിപ്പിച്ച് നമ്മെയും പ്രചോദിപ്പിച്ചുകൊണ്ട് ഐസക് മുണ്ട ജി ആഘോഷിക്കുന്നു.