ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണ ശൈലിക്കെതിരെ അതി രൂക്ഷവിമര്‍ശനവുമായി ദേശീയ സുരക്ഷ മുന്‍ ഉപദേശാവ് ശിവശങ്കര്‍ മേനോന്, മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യം സരണ്‍ എന്നിവര്‍ രംഗത്ത്. 83 ഉദ്യോഗസ്ഥരാണ് യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
ബുലന്ദെഷഹര്‍ സംഭവം യോഗി ആദിത്യനാഥിന്റെ യുപിയില്‍ സൃഷ്ടിച്ചെടുത്ത വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ സന്തതിയാണ്. വര്‍ഗീയവിദ്വേഷം വളര്‍ത്തുന്നതിന്റെ ആചാര്യനായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
‘ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വലിയ ആവേശത്തോടെ സംസാരിക്കുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥം എന്ന് പറയുന്ന പ്രധാനമന്ത്രി, പക്ഷെ താന്‍ തന്നെ തെരഞ്ഞെടുത്ത മുഖ്യമന്ത്രി ഇതെ ഭരണഘടനയെ നോക്കുകുത്തിയാക്കുമ്പോള്‍ മൗനം പാലിക്കുകയാണ്’ കത്തില്‍ കുറ്റപ്പെുടുത്തി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഭരണക്രമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടിരിക്കുകയാണ്. ഭരണഘടന ധാര്‍മ്മികതയും മാനുഷികതയുമെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. തെമ്മാടിത്തരവും കളവുമാണ് ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ സാര്‍വത്രികമായിട്ടുള്ളത്. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല, നീതി ബോധത്തോടെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഭീഷണി നേരിടുകയാണെന്നും അവര്‍ തുറന്ന കത്തില്‍ ആരോപിച്ചു.
ബുലന്ദെഷെഹറില്‍ നടന്ന ആക്രമണങ്ങളില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്. രാഷ്ട്രീയ ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ആദിത്യനാഥിന്റെ വിശദീകരണം. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ബജ്റംഗ്ദള്‍ നേതാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം പശുവിനെ കൊന്നു എന്ന് പറഞ്ഞ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post