ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നപദ്ധതിയായ കാശി ക്ഷേത്ര ഇടനാഴി നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്‍കി ഗ്യാന്‍വാപി മസ്ജിദ്. ക്ഷേത്രത്തിനു കീഴിലുള്ള ഭൂമി പകരമായി പള്ളിക്കു കൈമാറിയിട്ടുണ്ട്. പള്ളിയില്‍ നിന്ന് 15 മീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന 1,700 ചതുരശ്ര അടി ഭൂമിയാണ് വിട്ടുനല്‍കിയിരിക്കുന്നത്.
ഇടനാഴി നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് കാലങ്ങളായി ക്ഷേത്ര ട്രസ്റ്റ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെടുന്ന സ്ഥലം കൂടിയാണിത്. പകരമായി പള്ളിക്ക് 1,000 ചതുരശ്ര അടി ഭൂമി ക്ഷേത്രം അധികൃതര്‍ വിട്ടുനല്‍കിയിട്ടുണ്ട്.
രണ്ട് ഭൂമിക്കും തുല്യ വിലയാണെന്ന് പള്ളിക്കമ്മിറ്റിയായ അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് ജോയിന്റ് സെക്രട്ടറി എസ്എം യാസിന്‍ പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിന് വിട്ടുകൊടുത്ത ഭൂമി നേരത്തെ ഒരു പോലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിന് പള്ളിക്കമ്മിറ്റി പാട്ടത്തിനു നല്‍കിയതായിരുന്നു. 1993 മുതല്‍ ഇവിടെ ക്ഷേത്രത്തിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇപ്പോള്‍ ഈ ഭൂമി പൂര്‍ണമായും ക്ഷേത്രത്തിന്റേതായി.
ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴി വികസിപ്പിക്കുന്നതിനാണ് ഈ ഭൂമി ആവശ്യപ്പെട്ടത്. ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യം ചര്‍ച്ച ചെയ്യുകയും എല്ലാവരുടേയും അനുമതി തേടുകയും ചെയ്ത ശേഷമാണ് ഭൂമി വിട്ടു നല്‍കാന്‍ തീരുമാനിച്ചതെന്നും യാസിന്‍ പറഞ്ഞു. ഈ ഭൂമി കൈമാറ്റം ഇരുസമുദായങ്ങള്‍ക്കും സാഹോദര്യത്തിന്റെ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മുഗള്‍ ഭരണ കാലത്ത് ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ച പള്ളിയാണ് ഗ്യാന്‍വാപി മസ്ജിദെന്നാണ് സംഘപരിവാര്‍ വാദം. ഈ വാദം ഉന്നയിച്ച് പള്ളി പൊളിക്കണമെന്നും സംഘ്പരിവാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
Discussion about this post