അഹമ്മദാബാദ്: ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് അനുകൂലമായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബീജമെടുത്തതിനു പിന്നാലെ കൊവിഡ് രോഗി മരിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയില്‍ കൃത്രിമഗര്‍ഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്.
അടുത്ത ദിവസം തന്നെയാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. വഡോദര സ്റ്റെര്‍ലിങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 32-കാരനാണ് കഴിഞ്ഞദിവസം മരിച്ചത്. കൊവിഡ് ബാധിതനായ ഇദ്ദേഹത്തിന് ന്യുമോണിയ രൂക്ഷമായതോടെ അവയവങ്ങള്‍ തകരാറിലായതിനാല്‍ വെന്റിലേറ്ററിലായിരുന്നു. കൃത്രിമ ഗര്‍ഭധാരണത്തിനായി ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിച്ചിരുന്നില്ല.
അബോധാവസ്ഥയിലുള്ള രോഗിയുടെ അനുമതി വേണമെന്നതായിരുന്നു തടസ്സം. ഇതിനെത്തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ശേഷം, കോടതി അനുമതിയോടെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ ബീജം ശേഖരിച്ചത്. വഡോദരയിലെ ഒരു ഐ.വി.എഫ്. ലാബില്‍ സൂക്ഷിച്ചിരിക്കയാണ്. കാനഡയില്‍ താമസിക്കുകയായിരുന്ന യുവദമ്പതിമാര്‍ 2020 ഒക്ടോബറിലാണ് വിവാഹിതരായത്.