മുംബൈ: ജയിലിൽ വിചാരണകാത്ത് കഴിയുന്നതിനിടെ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ പ്രകീർത്തിച്ച് വാക്കാൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്എസ് ഷിൻഡേയാണ് മുമ്പ് സ്റ്റാൻ സ്വാമിയെ പ്രകീർത്തിച്ചത്. അദ്ദേഹം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇന്ന് പരാമർശം പിൻവലിക്കുകയായിരുന്നു.
എൻഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ആണ് എതിർപ്പ് അറിയിച്ചത്. ഭീമാ കൊറെഗാവ് ഏകതാ പരിഷത്ത് കേസിൽ അറസ്റ്റിലായ ഏറ്റവും പ്രായംചെന്ന വ്യക്തിയായിരുന്നു സ്റ്റാൻ സ്വാമി. ജൂലായ് അഞ്ചിന് സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരിച്ചത്.
പിന്നീട് ജസ്റ്റിസ് ഷിൻഡേ നടത്തിയ പരാമർശങ്ങളാണ് എൻഐഎയെ പ്രകോപിപ്പിച്ചത്. സ്റ്റാൻ സ്വാമി സമൂഹത്തിനു വേണ്ടി ചെയ്ത നല്ലകാര്യങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളോട് ആദരവാണെന്നും ജസ്റ്റിസ് ഷിൻഡേ പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശം എൻഐഎയ്ക്ക് മോശമായ പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും കേസ് അന്വേഷണങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഷിൻഡേ നടത്തിയ പരാമർശം മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്നാണ് ജസ്റ്റിസ് മുൻ പരാമർശങ്ങൾ പിൻവലിച്ചത്. എങ്കിലും ന്യായാധിപന്മാരും മനുഷ്യരാണെന്ന് ജസ്റ്റിസ് ഷിൻഡേ ചൂട്ടിക്കാട്ടി. സ്റ്റാൻസ്വാമിയുടെ മരണ വാർത്ത അപ്രതീക്ഷിതമായാണ് കേട്ടത്. അദ്ദേഹത്തെ തടവിലാക്കിയതിനെപ്പറ്റിയോ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിനെപ്പറ്റിയോ പരാമർശമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപരമായ കാര്യങ്ങൾ വേറെയാണ്. പക്ഷെ താൻ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അവ പിൻവലിക്കുന്നു. സ്റ്റാൻ സ്വാമിയുടെ മരണം പോലെയുള്ള കാര്യങ്ങൾ അപ്രതീക്ഷിതമായി സംഭവിക്കുമ്പോൾ ന്യായാധിപരും മനുഷ്യരാണെന്ന കാര്യം ഓർക്കണമെന്നും ജസ്റ്റിസ് ഷിൻഡേ പറഞ്ഞു.
Discussion about this post