ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ചു; മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് 17 കാരിയെ അടിച്ചു കൊന്നു

ലഖ്‌നൗ: ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച കൗമാരക്കാരിയെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ദേവ്രിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലെ 17 കാരിയാണ് കൊല്ലപ്പെട്ടത്.

ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച കൗമാരക്കാരിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചതോടെ പാലത്തില്‍ നിന്ന് മൃതദേഹം ഉപേക്ഷിക്കാന്‍ കുടുംബം ശ്രമിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍ കുടുങ്ങിക്കിടന്ന മൃതദേഹം പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.

പോസ്റ്റുമാര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ തലയില്‍ പരിക്കുകളും തലയോട്ടിയില്‍ പൊട്ടലും സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തു.

എന്നാല്‍ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പോലീസിന് സംശയങ്ങളുണ്ട്. കാരണം മറ്റെന്തെങ്കിലുമാകാമെന്നും കുടുംബം അത് മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version