ന്യൂഡല്‍ഹി: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭിണിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവിന്റെ കൊടുംക്രൂരത. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് മൃഗീയമായ കൊലപാതകം നടന്നത്. ആസൂത്രിതമായി നടത്തിയ കൊലപാകമാണിതെന്ന് പോലീസ് പറഞ്ഞു. ഭാര്യയെയും ഗര്‍ഭിണിയായ മകളെയും ഒരു സ്ഥലം കാണിക്കാനെന്ന വ്യാജേന വീട്ടില്‍ നിന്ന് അകലെയൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ പിതാവ് റാം പ്രസാദ് ഒഴിഞ്ഞ സ്ഥലത്തുവച്ച് മകളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
കൊലപാതകത്തിന് പിന്നാലെ ഇയാള്‍ സംഭവ സ്ഥലത്തുന്നിന്ന് രക്ഷപ്പെട്ടു. കൊല്ലപ്പെട്ട 20 കാരിയായ ഖുശ്ബു കുമാരി ഗര്‍ഭിണിയായിരുന്നു. ഇവരുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്തുനിന്ന് പിന്നീടാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷയിലാണ് ഇയാള്‍ മകളെയും ഭാര്യയെയും ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്. സ്ഥലത്തുവച്ച് ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മകളെ നിരവധി വണ കുത്തി. രക്തത്തില്‍ കുളിച്ച മകളെ രക്ഷിക്കാന്‍ വേണ്ടി മാതാവ് അലറി കരഞ്ഞതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളുടെ മൃതദേഹം കണ്ട് മാതാവ് ബോധരഹിതയായി. സമീപവാസികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. ഒപ്പം ബോധരഹിതയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തതില്‍ ഭര്‍ത്താവ് അസന്തുഷ്ടനായിരുന്നുവെന്ന് യുവതി പറഞ്ഞു.