ന്യൂഡൽഹി: ഭർത്താവും സഹോദരിയും ചേർന്ന് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി അത്യാസന്ന നിലയിൽ ആശുപത്രിയിൽ. മധ്യപ്രദേശിൽ ജൂൺ 28നാണ് സംഭവമുണ്ടായത്. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണെന്നാണ് സൂചന. ഗ്വാളിയാർ ജില്ലയിൽ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം.
അത്യാസന്ന നിലയിൽ കഴിയുന്ന യുവതി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നടപടി ആവശ്യപ്പെട്ട് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കേസ് പോലീസ് കൈകാര്യം ചെയ്യുന്നതിൽ അലംഭാവമുണ്ടായെന്നും ഇരയ്ക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില മോശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡൽഹിയിലെത്തിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ സഹോദരനാണ് വനിത കമ്മീഷനുമായി ബന്ധപ്പെട്ടത്.
സബ് ഡിവിഷനൽ മജിസ്ട്രേറ്റെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തെക്കുറിച്ച് പോലീസ് പരാമർശിച്ചിട്ടില്ലെന്നും വനിത കമ്മീഷൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
Discussion about this post