ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി ഒരു കോടി രൂപ വിലമതിക്കുന്ന വാള്‍ സമര്‍പ്പിച്ച് വ്യവസായി. ഹൈദരാബാദിലെ വ്യവസായിയായ ശ്രീനിവാസ പ്രസാദ് ആണ് ഒരു കോടി രൂപ വിലമതിക്കുന്ന വാള്‍ സമര്‍പ്പിച്ചത്.
വ്യവസായിയും ഭാര്യയും ചേര്‍ന്ന് തിങ്കളാഴ്ച വാള്‍ ക്ഷേത്രത്തിന് കൈമാറി. തിരുമല- തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വെങ്കടധര്‍മ്മ റെഡ്ഡി വാള്‍ ഏറ്റുവാങ്ങി.
അഞ്ച് കിലോഗ്രാം ഭാരമാണ് വാളിനുള്ളത്. സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് നിര്‍മ്മാണം. രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയുമാണ് വാള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ആറ് മാസക്കാലമെടുത്ത് കോയമ്പത്തൂരിലെ സ്വര്‍ണപ്പണിക്കാരാണ് വാള്‍ നിര്‍മ്മിച്ചത്.
തിരുപ്പതി വെങ്കടേശ്വര പ്രഭുവിന്റെ ഭക്തനായ വ്യവസായി കഴിഞ്ഞ വര്‍ഷം തന്നെ വാള്‍ സമര്‍പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം സാധിച്ചില്ല.
എന്നാല്‍ ഇതാദ്യമായല്ല ഇത്രയും വിലകൂടിയ സ്വര്‍ണ്ണ വാള്‍ ഒരാള്‍ വെങ്കിടേശ്വരന് സമര്‍പ്പിക്കുന്നത്. 2018 ല്‍ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നുള്ള പ്രശസ്ത തുണി വ്യാപാരിയായ തങ്ക ദുരൈ സമാനമായ ഒരു വാള്‍ സമര്‍പ്പിച്ചിരുന്നു. ആറ് കിലോ സ്വര്‍ണം കൊണ്ട് തയ്യാറാക്കിയിയ വാളിന് ഏകദേശം 1.75 കോടി രൂപയാണ് മൂല്യം.