മുംബൈ: മുംബൈയിലെ മറോളിയിലെ ഇഎസ്ഐസി ആശുപത്രിയില്‍ തിങ്കളാഴ്ച ഉണ്ടായ തീപ്പിടുത്തം വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. നിരവധി ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ 140 ഓളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. എന്നാല്‍ ദുരന്തമുഖത്ത് നിന്ന് വരുന്ന പല വാര്‍ത്തകളും കരളലിയിപ്പിക്കുന്നതാണ്.
രണ്ടുമാസം മുമ്പ് മാത്രം ജനിച്ച പൊന്നമനയുടെ മൃതദേഹം ചവിട്ടിയില്‍ പൊതിഞ്ഞെടുത്ത് വിതുമ്പുന്ന രാജേഷ് യാദവ് എന്ന 25 കാരന്റെ മുഖം ഇപ്പോഴും മനസ്സിനെ പൊള്ളിക്കുന്നു.
എന്നാല്‍ ബിസിനസ്സ് നഗരത്തെ നടുക്കിയ ആ ദുരന്തത്തില്‍ പത്തു പേരേ സ്വന്തം ജീവന് പോലും പണയംവെച്ച് അതിസാഹസികമായി രക്ഷിച്ച സിദ്ധു ഹുമനബദെ എന്ന സ്വിഗി ഡെലിവറി ബോയിയാണ് സമൂഹമാധ്യമങ്ങളില്‍ താരം. ആശുപത്രിയുടെ സമീപത്തു കൂടി കടന്നു പോകുമ്പോഴാണ് സിദ്ധു ആദ്യമായി തീ കണ്ടത്, ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. തീയും ചൂടും പുകയും ശ്വസിച്ചിച്ചും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിദ്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചയ്തു. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ സിദ്ധുവിനെ പ്രശംസ കൊണ്ട് മൂടുകയാണ് സമൂഹമാധ്യങ്ങള്‍.
മുംബൈയിലുള്ള അന്ധേരിയിലാണ് സംഭവം. അഞ്ച് നിലയുള്ള ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. 10ഓളം ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏണികള്‍ ഉപയോഗിച്ചാണ് രോഗികളെയും ജീവനക്കാരെയും പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ഉടനെ തന്നെ സമീപത്തുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Discussion about this post