മുംബൈ: മുംബൈയിലെ കനത്ത മഴ ഉണ്ടാക്കിയ മണ്ണിടിച്ചിലും ദുരന്തവും രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെയാണ് രക്ഷാപ്രവർത്തകരെ പോലും കണ്ണീരണിയിച്ചുകൊണ്ട് മണ്ണിൽ പുതഞ്ഞമൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ട പിന്റുവും കിരൺദേവിയുമെല്ലാം ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്. അർധരാത്രി വീടിന് മുകളിൽ പതിച്ച പറക്കല്ലുകൾക്കും മണ്ണിനും ഇടയിൽ നിന്നും രക്ഷപ്പെടുത്തുമ്പോൾ കിരൺദേവി എന്ന 32കാരി അപേക്ഷിച്ചത് തന്നെ ഉപേക്ഷിച്ച് മകളെ രക്ഷപ്പെടുത്തൂ എന്നായിരുന്നു.
അപകടത്തിൽനിന്ന് സഹോദരപുത്രൻ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ കിരൺദേവി അലറിക്കരഞ്ഞത് അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയ പതിനാലുകാരി മകളെ ഓർത്തായിരുന്നു. 14കാരിയായ മകളുടെ നിലവിളി കേൾക്കാമായിരുന്നുവെങ്കിലും പാറക്കല്ലുകളും മണ്ണും അവളെ വന്ന് മൂടിയതോടെ രക്ഷാപ്രവർത്തനം വിഫലമായി. വൈകാതെ വീടിന് മുകളിലേക്ക് കല്ലും മണ്ണും ഒലിച്ചിറങ്ങിയതോടെ കിരൺദേവിയും അവശിഷ്ടങ്ങൾക്ക് ഉള്ളിലേക്ക് മറഞ്ഞു.
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വിക്രോളി, സൂര്യ നഗറിലെ പഞ്ചശീൽ ചൗളിൽ നിരവധി വീടുകൾക്കുമുകളിൽ ഉരുൾപ്പൊട്ടലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും പതിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമായിരുന്നു ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
മരപ്പണി ജോലികൾ ചെയ്തുവരുന്ന കുടുംബമാണ് കിരൺദേവിയുടേത്. അപകടസമയത്ത് സ്ഥലത്തില്ലാതിരുന്ന ഭർത്താവ് ഹൻസ്രാജ് മാത്രമാണ് രക്ഷപ്പെട്ടത്. ഇവരുടെ മകൻ പ്രിൻസ്, മകൾ പിങ്കി, സഹോദരപുത്രൻമാരായ രവിശങ്കർ, ആശിഷ് എന്നിവരെല്ലാം മരണപ്പെട്ടു.
‘വെളുപ്പിന് രണ്ടരയോടെ നാട്ടിൽനിന്ന് ഒരു ഫോൺ വിളിയെത്തി. അപകടത്തെക്കുറിച്ച് അറിയിച്ചു. എൻറെ ബോസ് എന്നെ വീട്ടിലെത്തിച്ചു. അപ്പോഴേക്കും കുടുംബത്തെ മുഴുവൻ നഷ്ടമായിരുന്നു. ഇനി ആർക്കുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഇനി ജീവിച്ചിരിക്കാൻ കാരണമൊന്നുമില്ല. 45 ദിവസം മുമ്പ് എന്റെ പിതാവിനെ നഷ്ടമായി. ഇപ്പോൾ കുടുംബത്തേയും’- ഹൻസ്രാജ് പറയുന്നു.
Discussion about this post