മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണത്തിന്റെ പേരില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഡിജിറ്റല്‍ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങളുടെ കച്ചവടം ഉറപ്പിച്ചിരുന്ന എച്ച് അക്കൗണ്ട് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങളാണ് ലഭ്യമായതെന്ന് പോലീസ് അറിയിച്ചു. അശ്ലീല ചിത്ര നിര്‍മ്മാണത്തിനായി കോടിക്കണക്കിന് രൂപയാണ് രാജ് കുന്ദ്ര നിക്ഷേപം നടത്തിയതെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ രാജ് കുന്ദ്രയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
കെന്റിന് എന്ന ബ്രിട്ടീഷ് പ്രൊഡക്ഷന്‍ കമ്പനിക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അശ്ലീല ചിത്രങ്ങള്‍ വിറ്റിരുന്നത് രാജ് കുന്ദ്ര വഴിയാണെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് പുറത്തുവന്ന തെളിവുകള്‍. ഈ കമ്പനിയുടെ ഉടമ പ്രദീപ് ഭക്ഷി അടക്കമുള്ളവരെ ചേര്‍ത്താണ് എച്ച് അക്കൗണ്ട് എന്ന പേരില്‍ രാജ് കുന്ദ്ര അഡ്മിനായി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ചിത്രങ്ങളുടെ വരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പുറത്ത് വന്ന സ്ക്രീന്‍ ഷോട്ടുകളിലുണ്ട്.
ഹോട്ഷോട്സ് പോലെ ചില അശ്ലീല വീഡിയോ പ്ലാറ്റ്ഫോമുകളിലേക്കും മുംബൈയിലെ റിസോര്‍ട്ടുകളില്‍ ചിത്രീകരിക്കുന്ന വീഡിയോകള്‍ വിറ്റിരുന്നെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ജനുവരി അവസാനമാണ് പോലീസിന് അശ്ലീല ചിത്ര റാക്കറ്റിനെക്കുറിച്ച് പരാതി ലഭിക്കുന്നത്. അഭിനയമോഹികളായ യുവതീ യുവാക്കളെ കണ്ടെത്തി ബോളിവുഡിലും വെബ് സീരിസുകളിലും അവസരം വാഗ്ദാനം ചെയ്തായിരുന്നു ഇരകളാക്കിയിരുന്നതെന്നാണ് വിവരം.
Discussion about this post