അച്ഛന്‍ കര്‍ഷകന്‍, അമ്മയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ല; മാതാപിതാക്കളുടെ വിയര്‍പ്പിന്റെ വിലയറിഞ്ഞ അഞ്ച് പെണ്‍മക്കളും ഇന്ന് സിവില്‍ സര്‍വീസില്‍, അഭിമാനം

ഹനുമാന്‍ഘര്‍: കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും പഠിച്ച് വളര്‍ന്ന അഞ്ച് പെണ്‍കുട്ടികളും ഇപ്പോള്‍ സിവില്‍ സര്‍വീസില്‍. രാജസ്ഥാനിലെ ഹനുമാന്‍ഘര്‍ എന്ന സ്ഥലത്തെ കര്‍ഷകനായ സഹദേവ സഹരന്‍ എന്നയാളുടെ അഞ്ചു പെണ്‍മക്കളാണ് ഇന്ന് നാടിന് തന്നെ അഭിമാനമായിരിക്കുന്നത്.

കൃഷി ചെയ്തു ഉപജീവന മാര്‍ഗം കണ്ടെത്തുന്ന സഹദേവയ്ക്കും സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഇയാളുടെ ഭാര്യയ്ക്കും പിറന്നത് അഞ്ച് പെണ്‍കുട്ടികളായിരുന്നു. എങ്കിലും വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് ഇവര്‍ കൃത്യമായി മനസ്സിലാക്കി.

അങ്ങനെയാണ് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും 5 പെണ്‍കുട്ടികളെയും വളരെ മികച്ച രീതിയില്‍ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത്. മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ വില മനസ്സിലാക്കിയ 5 മക്കളും നന്നായി പഠിക്കുകയും ചെയ്തു. അനശു, രീതു, സുമന്‍ എന്നിവര്‍ ആണ് അടുത്തിടെ സിവില്‍ സര്‍വീസ് നേടിയത്.

മറ്റു രണ്ടുപേര്‍ ദീര്‍ഘകാലമായി രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഭാഗമാണ്. മൂന്നു പെണ്‍കുട്ടികള്‍ ഒരേ വര്‍ഷത്തിലാണ് സിവില്‍സര്‍വീസ് കരസ്ഥമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. കൂ്ടാതെ ഇതാദ്യമായാണ് ഒരു കുടുംബത്തിലെ ഇത്രയും അഗങ്ങള്‍ക്ക് സിവില്‍ സര്‍വീസ് ലഭിക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയും.

ധാരാളം ആളുകള്‍ ഇവരെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഏറെ വിവേചനം നിലനില്‍ക്കുന്ന രാജസ്ഥാന്‍, പെണ്‍ ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ്. ഇവിടെ സ്ത്രീകളുടെ സാക്ഷരത വളരെ കുറവാണെന്നിരിക്കെ സഹദേവ സഹരന്റെ മക്കളുടെ വാര്‍ത്ത വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇവര്‍ അഞ്ച് പേരും സംസ്ഥാനത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

Exit mobile version