ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് നാണം കെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. തെരഞ്ഞെടുപ്പ് കമ്മീഷന്‍, കോമ്പട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സിഎജി), സൈന്യം എന്നീ ജനാധിപത്യ സ്ഥാപനങ്ങളെ അവഹേളിക്കുക വഴി കോണ്‍ഗ്രസ് അപകടം പിടിച്ച കളിയാണ് കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിരുദ്ധത കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ ഉള്ളതാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. 1975 ലെ അടിന്തരാവസ്ഥ പ്രഖ്യാപനം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും ഇവിഎമ്മുകളുമായി മാത്രമാണ് പ്രശ്നമെന്ന് നിങ്ങള്‍ കരുതിയോ. അവര്‍ സൈന്യത്തേയും, സിഎജിയേയും ജനാധിപത്യത്തിന്റെ നെടുംതൂണായ എല്ലാ സ്ഥാപനങ്ങളേയും അവഹേളിച്ചിട്ടുണ്ട്’- തമിഴ്നാട് ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മോഡി പറഞ്ഞു.
‘കോടതികളുടെ കാര്യമെടുക്കാം. സുപ്രീം കോടതിയുടെ വിധി അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല, അതിനാല്‍ അവര്‍ അത് ചോദ്യം ചെയ്തു. കോടതി സുതാര്യമായതിനാല്‍ അവര്‍ക്ക് തോന്നിയതു പോലെ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ ചീഫ് ജസ്റ്റിസിനെ വരെ പുറത്താക്കാന്‍ ശ്രമിച്ചു’- പ്രധാനമന്ത്രി പറഞ്ഞു.
സുപ്രീം കോടതിയുടെ റഫേല്‍ വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. റഫേല്‍ ഇടപാടില്‍ സുപ്രീം കോടതി കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
നിങ്ങള്‍ ആളുകളോട് പറയുക, കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ ഉള്ളതാണിതെന്ന്. അടിയന്തരാവസ്ഥ കാലത്ത് ജനങ്ങള്‍ പ്രത്യക്ഷമായി പ്രതിരോധിക്കുന്നത് അവര്‍ കണ്ടതാണ്. അതിനാല്‍ അവരിപ്പോള്‍ കൂടുതല്‍ സൂത്രശാലികളായിരിക്കുന്നു. എന്നാല്‍ ജനാധിപത്യം തൊട്ടു കളിക്കാന്‍ കോണ്‍ഗ്രസിനെ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post