“ഡാനിഷ് സിദ്ധീക്കിയുടെ മരണത്തിലും രാജ്യത്തെ പണപ്പെരുപ്പത്തിന്റെ കാര്യത്തിലുമൊന്നും കേന്ദ്രം പ്രതികരിക്കില്ല” : വിമര്‍ശനവുമായി പി ചിദംബരം

P Chidambaram | Bignewslive

ന്യൂഡല്‍ഹി : പുലിസ്റ്റര്‍ ജേതാവായ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധീക്കിയുടെ മരണത്തില്‍ പ്രതികരിക്കാത്തതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ധീക്കിയുടെ കാര്യത്തിലും രാജ്യത്തെ പണപ്പെരുപ്പത്തിന്റെ കാര്യത്തിലും കേന്ദ്രത്തിന് അഭിപ്രായങ്ങളുണ്ടാകില്ലെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

രാജ്യത്ത് സുരക്ഷയും വികസനവും ക്ഷേമവുമുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരായത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരണമുണ്ടാവാഞ്ഞതെന്നും ചിദംബരം ട്വീറ്റില്‍ പറഞ്ഞു.അഫ്ഗാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം കാണ്ഡഹാറിലെ മേഖലയിലായിരുന്ന ഡാനിഷ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഇദ്ദേഹത്തിന് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയതിന് 2018ല്‍ പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

2016-17 മൊസൂള്‍ യുദ്ധം, 2015ലെ നേപ്പാള്‍ ഭൂകമ്പം, രോഹിന്‍ഗ്യന്‍ പ്രതിസന്ധി, ഡല്‍ഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദീഖി പകര്‍ത്തിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡല്‍ഹിയില്‍ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്ന ഇദ്ദേഹത്തിന്റെ ഡ്രോണ്‍ ചിത്രവും ഏറെ ചര്‍ച്ചയായിരുന്നു.

Exit mobile version