അമ്മക്കരുതല്‍: കോവിഡ് അനാഥമാക്കിയ കുഞ്ഞുങ്ങളെ മാറോടണക്കി പാലൂട്ടി റോണിത

ന്യൂഡല്‍ഹി: കോവിഡ് കാരണം അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ മാറോടണക്കി പാലൂട്ടി ഒരമ്മ. ഗുവാഹത്തി സ്വദേശിനി റോണിത കൃഷ്ണ ശര്‍മ്മ രേഖിയാണ് ആ അമ്മ. മുലപ്പാല്‍ മാത്രം കുടിച്ചുവളരേണ്ട നവജാത ശിശുക്കള്‍ക്ക് തന്റെ മുലപ്പാല്‍ പങ്കിട്ടുനല്‍കുകയാണ് അവര്‍.

റോണിതയ്ക്ക് നാലുമാസം പ്രായമുള്ള ഒരു മകളുണ്ട്. കോവിഡ് പോസിറ്റീവായി അമ്മമാര്‍ ക്വാറന്റീനില്‍ പോയാലും കുഞ്ഞുങ്ങള്‍ വിശന്നിരിക്കേണ്ടി വരില്ല. അത്തരം സാഹചര്യത്തിലും തനിക്കാവുന്ന കുഞ്ഞുങ്ങളെ പാലൂട്ടുകയാണ് റോണിത.

ഗുവാഹാത്തിയില്‍ മാത്രമുള്ള കുഞ്ഞുങ്ങളെ പാലൂട്ടാനെ റോണിതയ്ക്കാവൂ. പക്ഷേ താന്‍ രാജ്യത്തുടനീളമുള്ള പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രചോദനമാകുമെന്നും അതുമൂലം കോവിഡ് അനാഥരാക്കിയ പിഞ്ചോമനകള്‍ക്ക് വിശന്നുകരയേണ്ടിവരില്ലെന്നുമാണ് റോണിതയുടെ പ്രതീക്ഷ.

റാണിത മുംബൈ ആസ്ഥാനമായി ചലച്ചിത്ര മേഖലയില്‍ പ്രൊഡക്ഷന്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ്. മാര്‍ച്ച് 10ന് കുഞ്ഞ് ജനിച്ച ശേഷം അസമിലെ വീട്ടിലേക്ക് റോണിത മടങ്ങിയെത്തി.

അമ്മ നഷ്ടപ്പെട്ട ഒരു നവാജാത ശിശുവിനെക്കുറിച്ച് ട്വിറ്ററില്‍ കണ്ട ഒരു കുറിപ്പ് തന്റെ മനസിലുടക്കിയെന്നും അതേതുടര്‍ന്നാണ് അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെ പാലൂട്ടാന്‍ തീരുമാനിച്ചതെന്നും റോണിത പറയുന്നു.

ഭര്‍ത്താവും സഹോദരനും ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ പിന്തുണയും റോണിതയ്ക്കുണ്ട്. ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തി വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചു തന്നെയാണ് റോണിത കുഞ്ഞുമക്കളെ മാറോട് ചേര്‍ക്കുന്നത്.
കൂടുതല്‍ സ്ത്രീകളോട് ഈ ഉദ്യമത്തില്‍ പങ്കുചേരാനും റോണിത അഭ്യര്‍ഥിച്ചു.

Exit mobile version